ആകാശ് സിപിഎമ്മിന്റെ 'സൈബര്‍ പോരാളി'; സിപിഎം കൂടുതല്‍ സമ്മര്‍ദ്ദത്തില്‍; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയവരില്‍ ഒരാള്‍ സിപിഎമ്മിന്റെ സൈബര്‍ പ്രചാരണ വിഭാഗത്തിന്റെ മുന്‍നിര പ്രവര്‍ത്തകന്‍
ആകാശ് സിപിഎമ്മിന്റെ 'സൈബര്‍ പോരാളി'; സിപിഎം കൂടുതല്‍ സമ്മര്‍ദ്ദത്തില്‍; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയവരില്‍ ഒരാള്‍ സിപിഎമ്മിന്റെ സൈബര്‍ പ്രചാരണ വിഭാഗത്തിന്റെ മുന്‍നിര പ്രവര്‍ത്തകന്‍. കീഴടങ്ങിയ ആകാശ്, 'അപരന്റെ ശബ്ദം സംഗീതംപോലെ  ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു' എന്നു പേരുള്ള സിപിഎം ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ സജീവ അഗമാണ്. ഈ ഗ്രൂപ്പിലെ പോരാളി എന്നാണ് ആകാശ് തന്റെ പ്രൊഫൈലില്‍ വിശേഷിപ്പിച്ചിരിക്കുന്നതും. ആകാശ് തില്ലങ്കരി എന്ന പേരിലുണ്ടായിരുന്ന അക്കൗണ്ട് ഇപ്പോള്‍ കാണാനില്ല. എ.വി ആകാശ് എന്ന മറ്റൊരു അക്കൗണ്ട് നിലവിലുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന ആകാശിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

കീഴടങ്ങിയ ആകാശിന്റെയും രജിന്‍രാജിന്റെയും അറസ്റ്റ് ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് രേഖപ്പെടുത്തി. ഇവരുടെ സുഹൃത്ത് ശ്രീജിത്തിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീജിത്തില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിളിച്ചു വരുത്തിയതാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

പി.ജയരാജന്‍ ഉള്‍പ്പെട്ട കതിരൂര്‍ മനോജ് വധക്കേസ് നടത്തിപ്പിനായി സിപിഎം ഫണ്ട് പിരിവ് നടത്താനിരുന്ന സമയത്താണ് ഷുഹൈബ് വധത്തിലും പാര്‍ട്ടിക്ക് പങ്കുണ്ടെന്ന ആരോപണം ശക്തിപ്പെട്ടിരിക്കുന്നത്. ഇത് സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കും. 

കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഇന്നുമുതല്‍ നിരാഹാര സമരം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഷുഹൈബ് വധം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്. 

പാര്‍ട്ടിക്ക് അകത്തു നിന്നുതന്നെ അക്രമ രാഷ്ട്രീയത്തിനെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നുണ്ട്. ഇടുപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എന്‍.സുകന്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അതിന് ഉദാഹരണമാണ്.

ആര്‍എംപി നേതാവ് കെ.കെ രമക്ക് എതിരെ സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആക്രമണവും, അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ പ്രസ്താവനയും ഇതിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com