ബിനാലെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട്; പണം തിരിച്ചുപിടിക്കണമെന്ന് എജി

ബിനാലെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട്; പണം തിരിച്ചുപിടിക്കണമെന്ന് എജി
2014 ബിനാലെയിലെ സൃഷ്ടികളില്‍ ഒന്ന്/ എക്‌സ്പ്രസ് ഫയല്‍
2014 ബിനാലെയിലെ സൃഷ്ടികളില്‍ ഒന്ന്/ എക്‌സ്പ്രസ് ഫയല്‍

തിരുവനന്തപുരം: കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഗ്രാന്റ് വിനിയോഗിച്ചതില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. തെറ്റായതും പെരുപ്പിച്ചു കാണിച്ചതുമായ കണക്കുകള്‍ ഉപയോഗിച്ച് നേടിയെടുത്ത പൊതുപണം തിരിച്ചുപിടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അക്കൗണ്ടന്റ് ജനറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയുടെ നവീകരണം, ബിനാലെയ്ക്കായി വേദികള്‍ ഒരുക്കല്‍, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കല്‍ എന്നിവയില്‍ ചട്ടവിരുദ്ധമായ പണ വിനിയോഗമുണ്ടെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. നേരത്തെ ക്ലെയിം ചെയ്ത അതേ ചെലവ് വീണ്ടും ക്ലെയിം ചെയ്ത് ഫൗണ്ടേഷന്‍ സര്‍ക്കാരില്‍നിന്നു പണം നേടിയെടുത്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫൗണ്ടേഷന്റെ എസ്റ്റാബ്ലിഷ്‌മെന്റ് ചെലവ്, ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള ഉപകരണങ്ങളുടെ ചെലവ്, കണ്‍സള്‍ട്ടന്‍സി ചെലവ്, യാത്രയ്ക്കും പബ്ലിക് റിലേഷനുമുള്ള ചെലവ് തുടങ്ങിയവയ്ക്കായി നാലരക്കോടി രൂപ ചട്ടവിരുദ്ധമായി ചെലവഴിച്ചിട്ടുണ്ടെന്ന് ഓഡിറ്റില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പൈതൃകപദ്ധതിയുടെ ഫണ്ട് ബിനാലെയ്ക്കായി വകമാറ്റിയതിലൂടെ പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. 42 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെയാണ് മുസിരിസ് പൈതൃകപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 2010ല്‍ അഞ്ചു കോടി രൂപ ബിനാലെ ഫൗണ്ടേഷന് അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്നുകൊണ്ടാണ്. ഗ്രാന്റ് നല്‍കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കും മുമ്പാണ് സര്‍ക്കാര്‍ ഫൗണ്ടേഷന് പണം നല്‍കിയത്. 

ടൂറിസം വകുപ്പില്‍നിന്ന് അനുമതികള്‍ നേടിയെടുക്കുന്നതിന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഫൗണ്ടേഷന്‍. ബിനാലെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഫൗണ്ടേഷന് ഉണ്ട് എന്നിരിക്കെ ഇത്തരത്തില്‍ കണ്‍സള്‍ട്ടന്‍സിക്കായി പണം വിനിയോഗിക്കുന്നതിന്റെ സാധുത സര്‍ക്കാര്‍ പരിശോധിക്കണം- റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

പൊതുപണത്തിന്റെ വിനിയോഗം സുതാര്യമായും വിവേകത്തോടെയും നടത്തേണ്ടതാണ്. ധനവിനിയോഗത്തിന് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാതിരിക്കുകയും പണം ശരിയായ വിധത്തിലാണ് ചെലവഴിച്ചതെന്നു വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടാവാതിരിക്കുകയും ചെയ്യുമ്പോള്‍ നിര്‍ദേശിക്കപ്പെട്ട കാര്യത്തിനു തന്നെയാണോ ഗ്രാന്റ് ഉപയോഗിച്ചതെന്നു ഓഡിറ്റില്‍ ഉറപ്പുവരുത്താനാവില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ബിനാലെ ഫൗണ്ടേഷനിലെ ഫണ്ടു ക്രമക്കേട് ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com