'ആരാച്ചാരുടെ ചായ സല്‍ക്കാരത്തിന് മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുത്' ;    സമാധാനയോഗം ബഹിഷ്‌കരിക്കണമെന്ന് യൂത്ത് ലീഗ്

സമാധാനമുണ്ടാക്കാന്‍ ചായക്കും ബിസ്‌കറ്റിനുമാവില്ല. അതിനു സമാധാന യോഗം വിളിച്ചവര്‍ കത്തി താഴെ വെക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി
'ആരാച്ചാരുടെ ചായ സല്‍ക്കാരത്തിന് മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുത്' ;    സമാധാനയോഗം ബഹിഷ്‌കരിക്കണമെന്ന് യൂത്ത് ലീഗ്


കോഴിക്കോട് : ഷുഹൈബ് വധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നാളെ വിളിച്ചുചേര്‍ത്ത സമാധാനയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് യൂത്ത് ലീഗ്. ഷുക്കൂറിന്റെയും ടി.പിയുടെയും ഷുഹൈബിന്റെയും ഓര്‍മ്മകളോട് അങ്ങിനെയൊരു മര്യാദയെങ്കിലും നാം കാണിക്കണം. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. 
 
ഓരോ മരണാഘോഷത്തിനും പിറകെ ആരാച്ചാര്‍മാര്‍ ചായ സല്‍ക്കാരമൊരുക്കി പിന്നെയും നമ്മെ അപമാനിക്കുകയാണ്. അതിന്റെ പേരുമാത്രമാണ് സമാധാന യോഗങ്ങള്‍. ഷുഹൈബിന്റെ ചോരപ്പാടുകളുണങ്ങും മുമ്പ് കണ്ണൂരില്‍ നാളെ സമാധാന യോഗം ചേരുകയാണ്. കൊന്നവരും കൊല്ലിച്ചവരും വിളിച്ചു ചേര്‍ക്കുന്ന ചായ സല്‍ക്കാരം. 

ആ സമാധാന യോഗ പ്രഹസനത്തില്‍ കോമാളികളായി യു.ഡി.എഫ് നേതാക്കള്‍ ചെന്നിരിക്കരുതെന്നാണ് എന്റെ പക്ഷം . സമാധാനമുണ്ടാക്കാന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ ചായക്കും ബിസ്‌കറ്റിനുമാവില്ല. അതിനു സമാധാന യോഗം വിളിച്ചു ചേര്‍ക്കുന്നവര്‍ കത്തി താഴെ വെക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി... അതില്ലാതെ സമാധാനം സാധ്യവുമല്ല. നജീബ് കാന്തപുരം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ ഷുക്കൂര്‍...
നീ ഞങ്ങള്‍ക്കൊരു രക്തസാക്ഷിയല്ല.
ആറു വര്‍ഷത്തിനിപ്പുറവും കണ്ണില്‍ ഇരുട്ട് മൂടുന്ന ഒരു നോവോര്‍മ്മയാണ്. ഞങ്ങള്‍ക്ക് രക്തസാക്ഷികളെ വേണ്ട. അവരുടെ ബലികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖയും വേണ്ട. രക്തസാക്ഷികള്‍ക്ക് വേണ്ടി ആണ്ടറുതിയില്‍ മുഴക്കുന്ന വികാരങ്ങള്‍ ചോര്‍ന്ന് പോയ ഇങ്കുലാബിന്റെ മുഴക്കങ്ങളും വേണ്ട..
പകരം നൊന്ത് പെറ്റ ഉമ്മയുടെയും കൂടെപ്പിറപ്പുകളുടെയും നെഞ്ച് പൊള്ളുന്ന വേദനക്ക് അറുതിയുണ്ടായാല്‍ മതി. 
നിന്നെ വാഴത്തണ്ടു പോലെ വെട്ടിയിടുമ്പോള്‍ ഞങ്ങളോര്‍ത്തു. ഇത് അവസാനത്തേതാകുമെന്ന്. കയ്യറപ്പു തീര്‍ന്നവരെങ്കിലും നിന്റെ ചോര കൊണ്ട് അവരുടെ രക്ത ദാഹം തീരുമെന്ന്.. പിന്നെ ടി.പി ചന്ദ്രശേഖരനെ മൃഗീയമായി അവസാനിപ്പിക്കുമ്പോഴും ഞങ്ങള്‍ കരുതി. ഇത് കേരളത്തിലെ അവസാന രാഷ്ട്രീയ കൊലപാതകമാവുമെന്ന്. ഇപ്പോഴിതാ, നിന്റെ മണ്ണില്‍ നിന്ന് തന്നെ ഷുഹൈബും. ഓരോ കൊലപാതകവും അവര്‍ക്ക് ഓരോ പരീക്ഷണങ്ങളായി തീരുമ്പോള്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. തിരശീലക്ക് പിന്നില്‍ അവര്‍ മാര്‍ക്ക് ചെയ്ത് നിര്‍ത്തിയ അനേകമനേകം ഷുക്കൂറുമാര്‍ ഇനിയും മരണത്തിന്റെ ഗുഹാമുഖത്തേക്ക് ഒന്നുമറിയാതെ കടന്ന് വരുന്നുണ്ടെന്ന്..
ഓരോ മരണാഘോഷത്തിനും പിറകെ ആരാച്ചാര്‍മ്മാര്‍ ചായ സല്‍ക്കാരമൊരുക്കി പിന്നെയും നമ്മെ അപമാനിക്കുകയാണ്. അതിന്റെ പേരുമാത്രമാണ് സമാധാന യോഗങ്ങള്‍. ഷുഹൈബിന്റെ ചോരപ്പാടുകളുണങ്ങും മുമ്പ് കണ്ണൂരില്‍ നാളെ സമാധാന യോഗം ചേരുകയാണ്. കൊന്നവരും കൊല്ലിച്ചവരും വിളിച്ചു ചേര്‍ക്കുന്ന ചായ സല്‍ക്കാരം. ആ സമാധാന യോഗ പ്രഹസനത്തില്‍ കോമാളികളായി യു.ഡി.എഫ് നേതാക്കള്‍ ചെന്നിരിക്കരുതെന്നാണ് എന്റെ പക്ഷം . സമാധാനമുണ്ടാക്കാന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ ചായക്കും ബിസ്‌കറ്റിനുമാവില്ല. അതിനു സമാധാന യോഗം വിളിച്ചു ചേര്‍ക്കുന്നവര്‍ കത്തി താഴെ വെക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി... 
അതില്ലാതെ സമാധാനം സാധ്യവുമല്ല.
ആരാച്ചാരുടെ ചായ സല്‍ക്കാരത്തിന് ദയവായി മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുത്. ഷുക്കൂറിന്റെയും ടി.പിയുടെയും ഷുഹൈബിന്റെയും ഓര്‍മ്മകളോട് അങ്ങിനെയൊരു മര്യാദയെങ്കിലും നാം കാണിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com