കെ എം മാണി ജനകീയ അടിത്തറയുളള നേതാവ്;എല്‍ഡിഎഫ് ആശയങ്ങള്‍ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കും- ഇ പി ജയരാജന്‍

കേരള കോണ്‍ഗ്രസ് നേതാവായ കെ എം മാണിയെ പുകഴ്ത്തി സിപിഎം നേതാവ് ഇ പി ജയരാജന്‍.
കെ എം മാണി ജനകീയ അടിത്തറയുളള നേതാവ്;എല്‍ഡിഎഫ് ആശയങ്ങള്‍ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കും- ഇ പി ജയരാജന്‍

കണ്ണൂര്‍:  കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ ഘടകകക്ഷിയായ സിപിഐ ഇടഞ്ഞുനില്‍ക്കുന്നതിനിടെ, കേരള കോണ്‍ഗ്രസ് നേതാവായ കെ എം മാണിയെ പുകഴ്ത്തി സിപിഎം നേതാവ് ഇ പി ജയരാജന്‍. കെ എം മാണി ജനകീയ അടിത്തറയുളള നേതാവാണെന്ന് ഇ പി ജയരാജന്‍ ചൂണ്ടികാട്ടി. കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനമുളള  നേതാവായ മാണി തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ അത് വലിയ കാര്യമാണ്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള സെമിനാറില്‍ കെ എം മാണിയെ ക്ഷണിച്ചതില്‍ തെറ്റില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് ആശയങ്ങള്‍ സ്വീകരിക്കുന്നവരെ മുന്നണിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കുഴപ്പക്കാരെ രക്ഷിക്കാന്‍ ആംബുലന്‍സുമായി പോകേണ്ട കാര്യം എല്‍ഡിഎഫിനില്ലെന്ന് കേരള കോണ്‍ഗ്രസിനെ പരോക്ഷമായി സൂചിപ്പിച്ച്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇടതു സര്‍ക്കാര്‍ വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന സാഹചര്യത്തില്‍ പുതിയ അപകടങ്ങള്‍ എടുത്തു വയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുന്നണി വിട്ടുപോയവര്‍ തിരികെ വരണം. എന്നാല്‍ മുന്നണി മര്യാദയുടെ കാര്യത്തില്‍ പുതിയ നിര്‍വചനങ്ങള്‍ വേണ്ടിവരുന്നു. സിപിഎം ദുര്‍ബലമായാല്‍ ഇടതുമുന്നണി ശക്തിപ്പെടുമെന്ന നിലപാട് സിപിഐക്കില്ല. തിരിച്ചും അതേ നിലപാടു പുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണെന്നും കാനം ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com