വീട്ടുതടങ്കലിലായിരുന്നപ്പോള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി; മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതായും ഹാദിയ സുപ്രീംകോടതിയില്‍

ഹാദിയയെ സിറിയയിലേക്ക് കടത്തി ഭീകരരുടെ ലൈംഗിക അടിമയാക്കാനായിരുന്നു ലക്ഷ്യമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ 
വീട്ടുതടങ്കലിലായിരുന്നപ്പോള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി; മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതായും ഹാദിയ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : മുസ്ലിമായി ജീവിക്കാനാണ് ആഗ്രഹമെന്ന് സുപ്രീംകോടതിയില്‍ ഹാദിയ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഹാദിയ ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി. മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ വന്നവരുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പക്കലുണ്ട്. ഇത് പരിശോധിച്ചാല്‍ മതംമാറ്റ സമ്മര്‍ദത്തിന്റെയും ഭീഷണിയുടെയും വിവരം വ്യക്തമാകും. 

വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണം. സ്വതന്ത്രയായി ജീവിക്കാന്‍ പൂര്‍ണസ്വാതന്ത്രം പുനഃസ്ഥാപിക്കണം. ഷെഫിന്‍ ജഹാനെ രക്ഷകര്‍ത്താവായി അംഗീകരിക്കണം. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നുംഹാദിയ സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. 

അതേസമയം കേസില്‍ സൈനബക്കും സത്യസരണിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍ രംഗത്തെത്തി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അശോകന്റെ ആരോപണം. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇരുവര്‍ക്കുമെതിരെ എന്‍ഐയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും അശോകന്‍ സത്യവാങമൂലത്തില്‍ വ്യക്തമാക്കി. 

ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല തന്റെ പ്രശ്‌നം. ഹാദിയയുടെ സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യം. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഉദ്ദേശം. സിറിയയില്‍ ഭീകരരുടെ ലൈംഗിക അടിമയാക്കാനായിരുന്നു പദ്ധതിയെന്നും അശോകന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com