അക്രമം സിപിഎമ്മിന്റെ നയമല്ല; എന്നാല്‍ പാര്‍ട്ടിയെ ആക്രമിച്ചാല്‍ പ്രതിരോധിക്കും: സീതാറാം യെച്ചൂരി

ബദല്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നത് സിപിഎം ആയതിനാലാണ്  പാര്‍ട്ടി ആക്രമിക്കപ്പെടുന്നതെന്നത് യെച്ചൂരി
അക്രമം സിപിഎമ്മിന്റെ നയമല്ല; എന്നാല്‍ പാര്‍ട്ടിയെ ആക്രമിച്ചാല്‍ പ്രതിരോധിക്കും: സീതാറാം യെച്ചൂരി

തൃശൂര്‍: അക്രമ രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്ന് പാര്‍ട്ടി ജനററല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് യെച്ചൂരി സിപിഎം നിലപാട് വ്യക്തമാക്കിയത്.

അക്രമത്തിലൂടെ എതിരാളികളെ നേരിടല്‍ സിപിഎമ്മിന്റെ നയമല്ല. എതിരാളികളെ ജനാധിപത്യപരമായി നേരിടുകയെന്നതാണ് പാര്‍ട്ടി രീതി. എന്നാല്‍ പാര്‍ട്ടിക്കു നേരെ ആക്രമണമുണ്ടാവുമ്പോള്‍ പ്രതിരോധിക്കും. അക്രമങ്ങള്‍ നടത്തുന്നത് സിപിഎം പ്രവര്‍ത്തകര്‍ മാത്രമല്ല, എന്നാല്‍ ഇക്കാര്യത്തില്‍ ചില പിഴവുകള്‍ പറ്റിയിട്ടുണ്ടാവാമെന്ന് യെച്ചൂരി പറഞ്ഞു. ഇത്തരം പിഴവുകള്‍ തിരുത്തി മുന്നോട്ടുപോവുമെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

577 ദീപശിഖകളാണ് ഈ സമ്മേളനത്തില്‍ കൊണ്ടുവന്നത്. അവയെല്ലാം പാര്‍ട്ടി രക്തസാക്ഷികളുടെ കുടീരങ്ങളില്‍നിന്നു കൊണ്ടുവന്നവയാണ്. അക്രമങ്ങളിലൂടെയും വര്‍ഗീയ ചേരിതിരിവിലൂടെയും മുന്നേറ്റമുണ്ടാക്കുക എന്ന്ത ആര്‍എസ്എസിന്റെ നയമാണ്. സിപിഎം ആ മാര്‍ഗത്തിലൂടെയല്ല മുന്നോട്ടുപോവുന്നത്. ബദല്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നത് സിപിഎം ആയതിനാലാണ്  പാര്‍ട്ടി ആക്രമിക്കപ്പെടുന്നതെന്നത് യെച്ചൂരി പറഞ്ഞു.

ചങ്ങാത്ത മുതലാളിത്തം അതിശക്തമായി കേന്ദ്രഭരണത്തില്‍ പിടിമുറുക്കുമ്പോള്‍ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. നീരവ് മോദി തട്ടിപ്പില്‍ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മൗനം അവലംബിക്കുകയാണ് പ്രധാനമന്ത്രി. നേരത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് മൗന്‍മോഹന്‍ സിങ് എന്ന ആക്ഷേപത്തിന് ഇരയായ ആളാണ്. മന്‍മോഹനു പിന്നാലെ ഭരണത്തിലെത്തിയ മോദിയും മൗനം തുടരുകയാണ്. ഇദ്ദേഹത്തെ മൗനേന്ദ്ര മോദിയെന്നു വിശേഷിപ്പിക്കേണ്ടി വരുമെന്ന് യെച്ചൂരി പറഞ്ഞു.

നാലു വിധത്തിലുള്ള വെല്ലുവിളികളിലൂടെ രാജ്യം കടന്നുപോവുന്ന പശ്ചാത്തലത്തിലാണ് ഈ സമ്മേളനം. വര്‍ധിത ശക്തിയോടെയുള്ള സാമ്പത്തിക ഉദാരവത്കരണം തന്നെയാണ് അതില്‍ ഒന്നാമത്തേത്.  സമൂഹത്തെ അതിവേഗം വര്‍ഗീയമായി വിഭജിക്കുന്നു എന്നതാണ് രണ്ടാമത്തേത്. ഭരണകൂടത്തിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്തുന്നു എന്നതാണ് അടുത്തത്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ജൂനിയര്‍ പങ്കാളിയായി രാജ്യത്തെ മാറ്റി സാമ്രാജ്യത്തിനു കീഴടങ്ങള്‍ നയം സര്‍ക്കാര്‍ നടപ്പാക്കുന്നു എന്നതാണ് നാലാമത്തേത്. ഈ വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടി കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് യെച്ചൂരി പറഞ്ഞു.

ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കോ പാര്‍ട്ടികള്‍ക്കോ മനസിലാവാത്ത ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിമുള്ള പാര്‍ട്ടിയാണ് സിപിഎം. അത്തരത്തിലുള്ള ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലൂടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയാറാക്കിയത്. സമ്മേളന പ്രതിനിധികള്‍ക്ക് അതില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാം. നിര്‍ദേശങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് അതിന് അന്തിമ രൂപം നല്‍കുന്നത്- യെച്ചൂരി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com