അക്രമി സംഘം എത്തിയ വാഹനം വാടകക്കെടുത്തത് ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്

തളിപ്പറമ്പില്‍ നിന്നാണ് ആകാശ് തില്ലങ്കേരി വാഹനം വാടകക്കെടുത്തത് 
അക്രമി സംഘം എത്തിയ വാഹനം വാടകക്കെടുത്തത് ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്

കണ്ണൂര്‍ : ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ അക്രമി സംഘം എത്തിയ വാഹനം വാടകക്കെടുത്തത് ആകാശ് തില്ലങ്കേരിയാണെന്ന് പൊലീസ്. തളിപ്പറമ്പില്‍ നിന്നാണ് വാഹനം വാടകക്കെടുത്തത്. അക്രമം നടക്കുന്നതിന് തലേന്ന് ആകാശ് തളിപ്പറമ്പിലെത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. 

കുറ്റകൃത്യത്തിലുള്‍പ്പെട്ട അഞ്ചുപേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇവരില്‍ ആകാശും റിബിന്‍ രാജും നേരത്തെ പൊലീസില്‍ കീഴടങ്ങിയിരുന്നു. മറ്റു മൂന്നുപേരും സുരക്ഷിത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇവരിലേക്ക് പൊലീസിന് ഇപ്പോഴും എത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇവര്‍ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നും പൊലീസ് സൂചിപ്പിക്കുന്നു. 

എടയന്നൂരിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഷുഹൈബിനെ ആക്രമിക്കാന്‍ തില്ലങ്കേരിയിലുള്ള ആകാശിനെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം സമീപിച്ചത്. വാഹനങ്ങളും, ആയുധവും അടക്കം കൃത്യം നടപ്പാക്കാനുള്ള മുഴുവന്‍ ചുമതലയും ആകാശിനെയായിരുന്നു ഏല്‍പ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ആകാശ് തളിപ്പറമ്പില്‍ നിന്നും വാഹനം വാടകക്കെടുത്തത്. ആകാശ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നു തെളിയിക്കുന്ന മൊബൈല്‍ ഫോണ്‍ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

അതേസമയം കൊലക്കുപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും ഇതുവരെയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. കേസില്‍ നിര്‍ണായകമായ ഇത് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. രണ്ട് വാളുകള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് അക്രമത്തിന് ഉപയോഗിച്ചതാണോ എന്ന് ഉറപ്പുവരുത്താനായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഷുഹൈബിനെ ആക്രമിച്ച ശേഷം തങ്ങളെല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി എന്നാണ് ആകാശ് പൊലീസിന് നല്‍കിയ മൊഴി. സംഘത്തിലെ ഒരാള്‍ ആയുധങ്ങളെല്ലാം കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഇതാരാണെന്നോ, ആയുധങ്ങള്‍ എവിടെയാണെന്നോ ആകാശ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ആയുധങ്ങള്‍ എവിടെയാണ് എന്ന് തനിക്ക് അറിയില്ലെന്നാണ് ആകാശ് പൊലീസിനോട് ആവര്‍ത്തിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com