ആരോഗ്യ നയം സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ സമഗ്ര മുന്നേറ്റം സാധ്യമാക്കും : മുഖ്യമന്ത്രി

ഡോക്ടര്‍മാരുടെ നിലവിലുള്ള പ്രൈവറ്റ് പ്രാക്റ്റീസ് നിരോധനം കര്‍ശനമായി നടപ്പാക്കും
ആരോഗ്യ നയം സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ സമഗ്ര മുന്നേറ്റം സാധ്യമാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യനയം സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ സമഗ്ര മുന്നേറ്റം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമേഖലയില്‍ ഇതരസംസ്ഥാനങ്ങളെയപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. വലിയ മുന്നേറ്റങ്ങള്‍ ഈ മേഖലയില്‍ സംഭവിച്ചുവെങ്കിലും നിലവില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഈ മേഖല നേരിടുന്നുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനുതകുന്ന ആരോഗ്യ നയത്തിന്റെ കരട് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരമുറപ്പാക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. നിലവാരത്തില്‍ പിന്നാക്കം പോകുന്ന ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഫിലിയേഷന്‍ സര്‍വകലാശാലയും എസ്സെന്‍ഷ്യാലിറ്റി സര്‍ടിഫിക്കറ്റ് സര്‍ക്കാരും പിന്‍വലിക്കും. ഡോക്റ്റര്‍മാരുടെ നിലവിലുള്ള പ്രൈവറ്റ് പ്രാക്റ്റീസ് നിരോധനം കര്‍ശനമായി നടപ്പാക്കും.  പ്രതിരോധ കുത്തിവെയ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ആരോഗ്യമേഖലയില്‍ ഇതരസംസ്ഥാനങ്ങളെയപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. വലിയ മുന്നേറ്റങ്ങള്‍ ഈ മേഖലയില്‍ സംഭവിച്ചുവെങ്കിലും നിലവില്‍ ഒട്ടേറെ വെല്ലുവിളികള്‍ ഈ മേഖല നേരിടുന്നുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനുതകുന്ന ആരോഗ്യ നയത്തിന്റെ കരട് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ആരോഗ്യമേഖലയിലെ സ്വകാര്യവത്കരണവും, ആരോഗ്യപരിപാലനസാങ്കേതികവിദ്യയിലും അവശ്യമരുന്നുകളുടെ സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും ഒക്കെ ചേര്‍ന്ന് ചികിത്സാ ചെലവിന്റെ കാര്യത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സങ്കീര്‍ണമായ ഈ പ്രശ്‌നങ്ങളെ ഗൗരവപൂര്‍വം ആരോഗ്യനയം പരിഗണിക്കുന്നുണ്ട്.

ത്രിതല ചികിത്സാ സംവിധാനമാണ് കേരളത്തിലേത്. ഓരോ തലത്തിലും റഫറല്‍ സംവിധാനം നടപ്പിലാക്കുന്നത് വഴി രോഗികള്‍ക്ക് എല്ലാ തലത്തിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ കാര്യക്ഷമമായി നല്‍കുവാന്‍ സാധിക്കും. പ്രാഥമികതലത്തിലുള്ള ചികിത്സാസ്ഥാപനങ്ങളുടെ എണ്ണവും ഗുണമേന്മയുടെ വര്‍ദ്ധിപ്പിക്കും. ദ്വിതീയത്രിതീയതല ചികിത്സാ സൗകര്യങ്ങള്‍ ആധുനികവത്കരിക്കും.

അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേയ്ക്ക് ആരോഗ്യരംഗത്ത് എത്രമാത്രം മാനവവിഭവശേഷി വേണ്ടിവരുമെന്നതിനെപ്പറ്റി ഒരു കണക്കെടുക്കുകയും ആ ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരമുറപ്പാക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. നിലവാരത്തില്‍ പിന്നാക്കം പോകുന്ന ആരോഗ്യവിദ്യാഭ്യാസസ്ഥാപനങ്ങളുടെ അഫിലിയേഷന്‍ സര്‍വകലാശാലയും എസ്സെന്‍ഷ്യാലിറ്റി സര്‍ടിഫിക്കറ്റ് സര്‍ക്കാരും പിന്‍വലിക്കും.

ആരോഗ്യ മേഖലയിലെ എല്ലാത്തരം അഴിമതിയും തടയും. ആശുപത്രികളിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഡോക്റ്റര്‍മാരുടെ നിലവിലുള്ള പ്രൈവറ്റ് പ്രാക്റ്റീസ് നിരോധനം കര്‍ശനമായി നടപ്പാക്കും. സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും നിയന്ത്രിക്കുന്നതിനും നിലവാരം ഉറപ്പാക്കാനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രാബല്യത്തിലായിട്ടുണ്ട്.

കേരളം ആരോഗ്യ സൂചികകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ ഗവേഷണത്തിന്റെയും ഗവേഷണ ഫലങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന്റെയും കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്. അതിനാല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ സത്വരനടപടി സ്വീകരിക്കും.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍, ആദിവാസികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ മേഖലകളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പ്രതിരോധ കുത്തിവെയ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കും. രക്ഷകര്‍ത്താക്കളില്‍ ഭീതിയുളവാക്കാന്‍ വേണ്ടി കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

നിലവിലുള്ള ആരോഗ്യ, അപകടശുശ്രൂഷ (ട്രോമ കെയര്‍) സംവിധാനം ശക്തമാക്കും. ദേശീയസംസ്ഥാന പാതകളില്‍ 10 കിലോമീറ്റര്‍ ഇടവിട്ട് പൊതുമേഖലയും സഹകരണ മേഖലയും സ്വകാര്യമേഖലയും ഉള്‍പ്പെടുത്തി പ്രാഥമിക അപകട പരിചരണ കേന്ദ്രങ്ങള്‍ ഉറപ്പാക്കും.

കേരളത്തില്‍ കാണുന്ന രോഗങ്ങള്‍ക്ക് യുക്തിസഹവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ചികിത്സയും ഔഷധനിര്‍ദേശവും നല്‍കുന്നതില്‍ വ്യക്തമായ ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദേശകതത്ത്വങ്ങളും തയ്യാറാക്കും. എല്ലാ മരുന്ന് നിര്‍ദേശങ്ങളിലും മരുന്നിന്റെ ജെനറിക്! നാമം കൂടി രേഖപ്പെടുത്തണം. മരുന്ന് നിര്‍ദ്ദേശങ്ങളുടെ ഓഡിറ്റും കാലാകാലങ്ങളില്‍ നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com