രാഹുല്‍ ഈശ്വറിനെതിരായ ആരോപണം ഹാദിയ പിന്‍വലിച്ചു, വീട്ടുതടങ്കലിലെ പീഡനം: പിതാവ് മറുപടി നല്‍കണം; കേസ് മാര്‍ച്ച് എട്ടിലേക്കു മാറ്റി

രാഹുല്‍ ഈശ്വറിനെതിരായ ആരോപണം ഹാദിയ പിന്‍വലിച്ചു, വീട്ടുതടങ്കലിലെ പീഡനം: പിതാവ് മറുപടി നല്‍കണം; കേസ് മാര്‍ച്ച് എട്ടിലേക്കു മാറ്റി
രാഹുല്‍ ഈശ്വറിനെതിരായ ആരോപണം ഹാദിയ പിന്‍വലിച്ചു, വീട്ടുതടങ്കലിലെ പീഡനം: പിതാവ് മറുപടി നല്‍കണം; കേസ് മാര്‍ച്ച് എട്ടിലേക്കു മാറ്റി

ന്യൂഡല്‍ഹി: ഇസ്ലാം മതം വിടണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടെന്ന ആരോപണം, മതം മാറി വിവാഹം ചെയ്തതിലൂടെ വിവാദത്തിലായി വൈക്കം സ്വദേശി ഹാദിയ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ ആരോപണം ഉന്നയിച്ചത്. ഇന്നു കേസ് പരിഗണിച്ചപ്പോഴാണ് ഇത് പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. വീട്ടുതടങ്കലില്‍ പീഡിപ്പിച്ചു എന്നത് ഉള്‍പ്പെടെ ഹാദിയ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിതാവ് അശോകന്‍ മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസ് മാര്‍ച്ച് എട്ടിലേക്കു മാറ്റി. 

ഹാദിയയെ സിറിയയിലേക്കു കടത്തും എന്നതുകൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന, അശോകന്റെ വാദത്തെ സുപ്രിം കോടതി ചോദ്യം ചെയ്തു. പരസ്പര സമ്മതമുള്ള വിവാഹമായതുകൊണ്ട് പങ്കാളികള്‍ക്കിടയിലെ സമ്മതത്തെക്കുറിച്ച് അന്വേഷണം നടത്താനാവുമോയെന്ന് കോടതി ചോദിച്ചു. വിദേശത്തു പോവുമെന്ന് വിവരമുണ്ടെങ്കില്‍ ഇടപെട്ടു തടയേണ്ടത് സര്‍ക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ വന്നവരുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പക്കലുണ്ട്. ഇത് പരിശോധിച്ചാല്‍ മതംമാറ്റ സമ്മര്‍ദത്തിന്റെയും ഭീഷണിയുടെയും വിവരം വ്യക്തമാകും.

വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണം. സ്വതന്ത്രയായി ജീവിക്കാന്‍ പൂര്‍ണസ്വാതന്ത്രം പുനഃസ്ഥാപിക്കണം. ഷെഫിന്‍ ജഹാനെ രക്ഷകര്‍ത്താവായി അംഗീകരിക്കണം. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നുംഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.മുസ്ലിമായി ജീവിക്കാനാണ് ആഗ്രഹമെന്ന് സുപ്രീംകോടതിയില്‍ ഹാദിയ വ്യക്തമാക്കി.

അതേസമയം കേസില്‍ സൈനബക്കും സത്യസരണിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി അശോകനും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇരുവര്‍ക്കുമെതിരെ എന്‍ഐയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും അശോകന്‍ സത്യവാങമൂലത്തില്‍ വ്യക്തമാക്കി.

ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല തന്റെ പ്രശ്‌നം. ഹാദിയയുടെ സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യം. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഉദ്ദേശം. സിറിയയില്‍ ഭീകരരുടെ ലൈംഗിക അടിമയാക്കാനായിരുന്നു പദ്ധതിയെന്നും അശോകന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com