ഷുഹൈബ് വധം : പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന ജയരാജന്റെ പ്രസ്താവന ശരിയായില്ലെന്ന് പിണറായി വിജയന്‍
ഷുഹൈബ് വധം : പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു

തൃശൂര്‍ :  യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് നേരിട്ടാണ് അതൃപ്തി പ്രകടിപ്പിച്ചത്. കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന ജയരാജന്റെ പ്രസ്താവന ശരിയായില്ലെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി പിണരായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നു. 

ഷുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷിക്കുകയാണെന്നും, അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്നും പി ജയരാജന്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ പി ജയരാജന്റെ പ്രസ്താവന തിരുത്തിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. പൊലീസിന്റെയും കോടതിയുടെയും പണി പാര്‍ട്ടി ഏറ്റെടുക്കേണ്ടെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. പി ജയരാജനെ പൂര്‍ണമായും തള്ളിപ്പറഞ്ഞായിരുന്നു കോടിയേരി സിപിഎം നിലപാട് വ്യക്തമാക്കിയത്. 

ഷുഹൈബ് വധത്തില്‍ പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വത്തോട് രോഷം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 14 ന് നടന്ന സമാധാന യോഗത്തിന് ശേഷം, സംഘര്‍ഷ രഹിത കണ്ണൂരാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ നേരിട്ട് നല്‍കിയ നിര്‍ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ അവഗണിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com