ഷുഹൈബ് വധക്കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ; നടപടി സമ്മേളനത്തിന് ശേഷം

സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്
ഷുഹൈബ് വധക്കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ; നടപടി സമ്മേളനത്തിന് ശേഷം

കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ശ്രമിക്കുന്നതിനിടെ, ഉണ്ടായ രാഷ്ട്രീയ കൊലപാതകം സിപിഎമ്മിന് കനത്ത തിരിച്ചടിയായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി അന്വേഷണത്തിന് ശേഷം നടപടി എടുക്കുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടും സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞു. 

ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടപടി എടുത്താല്‍ മാധ്യമങ്ങളിലടക്കം ഷുഹൈബ് വധം വന്‍ ചര്‍ച്ചയാകും. അത് ഒഴിവാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സമ്മേളനത്തിന് ശേഷമാകും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക. കൊല്ലപ്പെട്ടത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളായതും രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് സംസ്ഥാന നേതൃത്വം ഭയക്കുന്നു. 

സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്. ഇതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വവും മറ്റു ജില്ലകളും നേര്‍ക്കുനേര്‍ രംഗത്തുവരുന്ന സാഹചര്യവും ഉണ്ടായേക്കാമെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇതു കൂടി കണ്ടുകൊണ്ടാണ് പി ജയരാജനെ പൂര്‍ണമായും തള്ളി സംസ്ഥാന നേതൃത്വം രംഗത്തു വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com