മധുവിനെ കെട്ടിയിട്ട് സെല്‍ഫി എടുത്ത ഉബൈദ് എട്ടാം പ്രതി

കേസില്‍ പിടിയിലായ എല്ലാ പ്രതികള്‍ക്കെതിരെ ചേര്‍ത്തിരുന്ന വകുപ്പുകള്‍ തന്നെയാണ് ഉബൈദിനെതിരെയും ചേര്‍ത്തിരിക്കുന്നത്.
മധുവിനെ കെട്ടിയിട്ട് സെല്‍ഫി എടുത്ത ഉബൈദ് എട്ടാം പ്രതി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പശ്ചാത്തലാമാക്കി സെല്‍ഫി പകര്‍ത്തിയ തൊട്ടിയില്‍ ഉബൈദ് (25) എട്ടാം പ്രതി. മധുവിനെ പിടികൂടിയതിന് ശേഷം ഉടുമുണ്ട് അഴിച്ച് കൈകള്‍ കെട്ടി പാറയിടുക്കിന് സമീപത്ത് നിന്നാണ് ഉബൈദ് സെല്‍ഫി പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

കേസില്‍ പിടിയിലായ എല്ലാ പ്രതികള്‍ക്കെതിരെ ചേര്‍ത്തിരുന്ന വകുപ്പുകള്‍ തന്നെയാണ് ഉബൈദിനെതിരെയും ചേര്‍ത്തിരിക്കുന്നത്. കാട്ടില്‍ നിന്ന് സെല്‍ഫിയടക്കമുള്ള ചിത്രങ്ങളും തുടര്‍ന്ന് മുക്കാലിയില്‍ എത്തി മധുവിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നും ചോദ്യം ചെയ്യുന്നതിന്റെയും വീഡിയോ പകര്‍ത്തിയിരുന്നു.

അഗളി പൊലീസ് സ്‌റ്റേഷനു മുന്നില്‍ ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നടത്തിവന്ന സമര പന്തലില്‍ വിവാദ സെല്‍ഫിയും ഇയാളുടെ ചിത്രങ്ങളും പോസ്റ്റര്‍ രൂപത്തില്‍ പതിച്ചിരുന്നു. പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. 

പിടികൂടിയതിന് പിന്നാലെ മര്‍ദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. സംഭവമറിഞ്ഞ് പൊലീസെത്തുമ്പോള്‍ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു മധു. പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകും വഴി തന്നെ മധു അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങി. ഇതിനിടെ ഛര്‍ദ്ദിച്ച് അവശനിലയിലായ മധുവിനെ കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com