മുഖ്യമന്ത്രിക്ക് ഭ്രാന്ത്;ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താത്തത് ജില്ലാ നേതൃത്വം കുടുങ്ങുമെന്നതിനാല്‍: കെ സുധാകരന്‍

നാല്‍പ്പാടി വാസു കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ ആരോപണം പുച്ഛിച്ച് തളളി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍
മുഖ്യമന്ത്രിക്ക് ഭ്രാന്ത്;ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താത്തത് ജില്ലാ നേതൃത്വം കുടുങ്ങുമെന്നതിനാല്‍: കെ സുധാകരന്‍

കണ്ണൂര്‍: നാല്‍പ്പാടി വാസു കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ ആരോപണം പുച്ഛിച്ച് തളളി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വാസുവിനെ കൊന്നത് ഗണ്‍മാനല്ല സുധാകരന്‍ തന്നെയാണ് എന്നാണ് മുഖ്യമന്ത്രി സഭയില്‍ ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിക്ക് ഭ്രാന്താണെന്ന് പറഞ്ഞ സുധാകരന്‍ ,പിണറായി വിജയന്‍ സമചിത്തത നഷ്ടപ്പെട്ട പോലെയാണ് പെരുമാറുന്നതെന്ന്് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എന്ന നിലയില്‍ പദവിയുടെ അന്തസ്സ് നഷ്ടപ്പെടുത്തുകയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍  സിബിഐ അന്വേഷണം ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വ്യക്തമാക്കി . കൊലപാതകത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മലക്കംമറച്ചില്‍. കഴിഞ്ഞ ദിവസം കണ്ണൂരില്‍ സമാധാനയോഗം വിളിച്ച മന്ത്രി എ കെ ബാലന്‍ ഏത് ഏജന്‍സിയെ കൊണ്ട്  വേണമെങ്കിലും അന്വേഷിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുമെന്ന ആശങ്കയില്‍  മുഖ്യമന്ത്രി സിബിഐ അന്വേഷണത്തില്‍ നിന്നും പിറകോട്ടുപോകുകയായിരുന്നുവെന്നും- സുധാകരന്‍ ആരോപിച്ചു.

ഷുഹൈബ് കൊലപാതകത്തില്‍ അറസ്റ്റിലായ ആകാശിന് ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമാണുളളത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത് അതാണ്. ഇതും കൊലപാതകത്തിലെ ജില്ലാ നേതൃത്വത്തിന്റെ പങ്കാണ് വെളിവാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ജില്ലാ നേതൃത്വത്തെ രക്ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയന്‍ രംഗത്തുവരുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com