'എന്തുകൊണ്ട് ആയുധം ഇതുവരെ കണ്ടെത്തിയില്ല ?'; ഷുഹൈബ് വധത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് ഹൈക്കോടതി 
'എന്തുകൊണ്ട് ആയുധം ഇതുവരെ കണ്ടെത്തിയില്ല ?'; ഷുഹൈബ് വധത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

കൊച്ചി : ഷുഹൈബ് വധക്കേസ് അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എന്തുകൊണ്ട് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെത്തിയില്ലെന്ന് കോടതി ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 


തന്റെ മുന്നിലുള്ള ഫയലില്‍ ഒരു മനുഷ്യനെ ക്രൂരമായി വെട്ടിനുറുക്കിയതിന്റെ ചിത്രങ്ങളാണുള്ളത്. സര്‍ക്കാര്‍ ഇത് കാണുന്നില്ലേ എന്ന് കോടതി കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനോട് ചോദിച്ചു. പൊലീസില്‍ ചാരന്മാരുണ്ടെന്ന് കണ്ണൂര്‍ എസ്പിക്ക് പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എസ്പിയുടെ പരാമര്‍ശം ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. 

ഷുഹൈബിന്റെ കൊലപാതകം സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ജില്ലാ സെക്രട്ടറി ജയരാജനൊപ്പം പ്രതികള്‍ ചിരിച്ചുനില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പവും പ്രതികള്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നു. ഒരു സ്‌കൂള്‍ കുട്ടി സെല്‍ഫി എടുക്കാന്‍ ചെന്നാല്‍ ഓടിച്ചുവിടുന്ന മുഖ്യമന്ത്രിയാണ് കൊലപാതകികള്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. 

സമാധാന യോഗത്തിന് ശേഷം സിബിഐ അന്വേഷണം അടക്കം എത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന മന്ത്രി എ കെ ബാലന്റെ പ്രസ്താവനയുടെ പത്ര കട്ടിംഗും ഹര്‍ജിക്കാരന്‍ കോടതിയ്ക്ക് സമര്‍പ്പിച്ചു. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് മുഖ്യമന്ത്രി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് വഴങ്ങിയതാണ് സിബിഐ അന്വേഷണം സംബന്ധിച്ച മുന്‍നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകാന്‍ കാരണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

ഹര്‍ജിക്കാരന്റെ വാദം രാഷ്ട്രീയപ്രസംഗം പോലെയുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി ആരോപിച്ചു. അപ്പോഴായിരുന്നു കോടതി അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചത്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അറ്റോര്‍ണി കോടതിയില്‍ അറിയിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാമെന്ന് സിബിഐ അറിയിച്ചു. എന്നാല്‍ അടുത്ത ചൊവ്വാഴ്ച സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com