കയ്യാങ്കളിക്കേസ് പിന്‍വലിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റം ; നിയമപരമായി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ നിയമസഭയോട് അനാദരവ് കാട്ടി. നീതിബോധമുള്ള ഭരണാധികാരി ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല
കയ്യാങ്കളിക്കേസ് പിന്‍വലിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റം ; നിയമപരമായി പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ ഇടത് എംഎല്‍എമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ പിന്‍വലിച്ച നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത്. കേസ് പിന്‍വലിച്ചത് നിയമപരമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമവിദഗ്ധരുമായി ഇക്കാര്യം കൂടിയാലോചിക്കും. കേസ് പിന്‍ലിച്ചത് നിര്‍ഭാഗ്യകരമായ നടപടിയാണ്. കേരളത്തിന് തന്നെ നാണക്കേടായ സംഭവമാണ് നിയമസഭയില്‍ അരങ്ങേറിയത്. 

കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സര്‍ക്കാര്‍ തീരുമാനം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെയാണ് അധിക്ഷേപിച്ചത്. സര്‍ക്കാര്‍ നിയമസഭയോട് അനാദരവ് കാട്ടി. നീതിബോധമുള്ള ഭരണാധികാരി ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കയ്യാങ്കളി കേസിലെ പ്രതിയായ വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചത്. സംഭവത്തില്‍ മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതില്‍ പ്രസക്തിയില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇടത് എംഎല്‍എമാരായിരുന്ന വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com