ഡിജിപിയുടെ ബ്ലോഗ്; കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു 

ആറ്റുകാല്‍ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ഡിജിപിയുടെ ബ്ലോഗ്; കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു 

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുത്തിയോട്ടം ബാലാവകാശ നിയമങ്ങള്‍ കാറ്റിപ്പറത്തി നടത്തുന്ന ആചാരമാണെന്നും ആണ്‍കുട്ടികള്‍ നേരിടുന്നത് കൊടിയ പീഡനമാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സംസ്ഥാന ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസ് എഴുതിയ ബ്ലോഗ് പുറത്തുവന്നതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. 

കുത്തിയോട്ടം വഴി കുട്ടികള്‍ക്കേല്‍ക്കുന്നത് ശാരീരികവും മാനസ്സികവുമായ കടുത്ത പീഡനമാണ് എന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. 
കുട്ടികളെ മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കുന്നത് സെക്ഷന്‍ 89,319,320,349,350,351 വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റങ്ങളാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കള്‍ പരാതി നല്‍കില്ലെന്നും ഇതിനെതിരെ ആര് പരാതി നല്‍കുമെന്നും ജയില്‍ മേധാവി ചോദിച്ചിരുന്നു. 

ആറ്റുകാല്‍ പൊങ്കാല സമയത്ത് ക്ഷേത്രം ആണ്‍ കുട്ടികളുടെ ജയിലാകും എന്ന് ശ്രീലേഖ പറയുന്നു. പെണ്‍കുട്ടികളെ ഒരുക്കി, വിളക്ക് പിടിപ്പിച്ച് ഘോഷയാത്ര നടത്തുന്നു. അത് നിരുപദ്രവകരമാണ്. എന്നാല്‍ ആയിരത്തോളം വരുന്ന ആണ്‍കുട്ടികള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ദിവസങ്ങള്‍ പീഡനത്തിന്റേതാണ്. കുട്ടികളെ മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ക്ഷേത്ര ഭാരവാഹികളുമായി ഗൂഢാലോചന നടത്തി മാതാപിതാക്കള്‍ വിട്ടുനല്‍കുകയാണ്.

ഒറ്റമുണ്ട് മാത്രമുടുത്തു,തണുത്ത വെള്ളത്തില്‍ കുളിച്ച്,ക്ഷേത്ര പറമ്പിലെ വെറും നിലത്തില്‍ കിടന്നുറങ്ങി, വൃത്തിഹീനമായ ഭക്ഷണം കഴിച്ചാണ് ഇത്രയും ദിവസത്തോളം കുട്ടികള്‍ കഴിയുന്നത്. മാതാപിതാക്കളെ കാണാന്‍ ഇത്രയും ദിവസം ഇവര്‍ കുട്ടികളെ അനുവദിക്കില്ല.

അവസാനദിവസം ഇവരെ ഒരുക്കി അവര്‍ വിചാരിക്കാത്ത ഭീകരമായ പീഡനത്തിന് വരിയായി നിര്‍ത്തും. ഇരുമ്പ് കമ്പികൊണ്ട് അവരുടെ ശരീരത്തില്‍ കുത്തിയിറക്കും. അവര്‍ കരയും രക്തം വരും. ഇതെല്ലാം ചെയ്യുന്നത് ക്ഷേത്രത്തിലെ ദേവിക്ക് വേണ്ടിയാണ്, ശ്രീലേഖ പറഞ്ഞിരുന്നു. 

മാതാപിതാക്കള്‍ കരുതുന്നത് അവരുടെ കുട്ടികള്‍ അനുസരണയുള്ള കുട്ടികളായി വളരുമെന്നും പഠനനകാര്യത്തില്‍ മികവ് നേടും എന്നൊക്കെയാണ്. പക്ഷേ കുട്ടികളും ഇങ്ങനെ തന്നെയാകുമോ ചിന്തിക്കുക? ശ്രീലേഖ ചോദിച്ചിരുന്നു. 

ഈ പീഡനങ്ങളെക്കുറിച്ചൊന്നും ഒരു അറിവും നല്‍കാതെയാണ് ഭൂരിഭാഗം കുട്ടുകളെയും കുത്തിയോട്ടത്തിന് കൊണ്ടുവരുന്നതെന്നും ശ്രീലേഖ ആരോപിച്ചിരുന്നു. 

ശ്രീലേഖയുടെ ബ്ലോഗ് പുറത്തു വന്നതിന് പിന്നാലെ ക്ഷേത്ര അനുഷ്ഠാനങ്ങളെ കരിവാരി തേക്കാനാണ് ഡിജിപി ശ്രമിക്കുന്നതതെന്നും ശ്രീലേഖയുടെ അറിവില്ലായ്മയാണ് ക്ഷേത്രത്തെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും ആരോപിച്ച് ആറ്റുകാല്‍ ക്ഷേത്ര ഭാരവാഹികള്‍ രംഗത്ത് വന്നിരുന്നു. ഇപ്രാവശ്യം തൊള്ളായിരത്തിന് മുകളില്‍ ബാലന്‍മാരാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com