ബസ് ചാർജ് വർധന നാളെ മുതൽ ; ലോ ഫ്‌ളോര്‍, വോള്‍വോ, സ്‌കാനിയ ബസുകളുടെ നിരക്കും കൂടും

ലോ ഫ്‌ളോര്‍ നോണ്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് 10 രൂപയാക്കി. ലോ ഫ്‌ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി
ബസ് ചാർജ് വർധന നാളെ മുതൽ ; ലോ ഫ്‌ളോര്‍, വോള്‍വോ, സ്‌കാനിയ ബസുകളുടെ നിരക്കും കൂടും

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ നിലവില്‍വരും. നാളെ മുതൽ മിനിമം ചാർജ് എട്ടുരൂപയാകും. രണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍ ഒരു രൂപ കുറച്ചു. നിലവില്‍ ഒന്‍പതു രൂപയായിരുന്നത് എട്ടായാണ് കുറച്ചത്. വര്‍ധനയുടെ 25 ശതമാനംമാത്രം സ്റ്റേജിന് ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതുപ്രകാരം ഒരുരൂപ വര്‍ധിപ്പിക്കുമ്പോള്‍ 25 പൈസമാത്രമേ രണ്ടാംസ്റ്റേജില്‍ ഈടാക്കാനാവൂ. എന്നാല്‍, 50 പൈസയ്ക്ക് താഴെയുള്ള വര്‍ധന കണക്കിലെടുക്കാന്‍ പാടില്ല. ഇതാണ് രണ്ടാം സ്റ്റേജില്‍ നിരക്കുവര്‍ധന ഒഴിവായത്.

വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഒരു രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്. പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജില്‍ രണ്ടുരൂപയാണ് വിദ്യാര്‍ഥികളുടെ നിരക്ക്. 12, 13 രൂപ ഈടാക്കുന്ന നാല് അഞ്ച് സ്റ്റേജുകളില്‍ രണ്ട് രൂപയാണ് ഈടാക്കിയിരുന്നത്. അത് മൂന്നുരൂപയായി ഉയര്‍ത്തിട്ടുണ്ട്.
 
വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ മൂന്ന് സ്റ്റേജുകളാണ് പ്രധാനപ്പെട്ടത്. ഇതില്‍ കാര്യമായ വര്‍ധനവില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാണ്. അതേസമയം ദീർഘദൂര യാത്രക്കാരായ കോളേജ് വിദ്യാർത്ഥികൾക്ക് നിരക്ക് വർധന ബാധിക്കും. 
 

ഓർഡിനറി ബസുകള്‍ക്കൊപ്പം വ്യാഴാഴ്ചമുതല്‍ ലോ ഫ്‌ളോര്‍ എ.സി., നോണ്‍ എ.സി., വോള്‍വോ, സ്‌കാനിയ ബസുകളുടെ നിരക്കും കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ലോ ഫ്‌ളോര്‍ നോണ്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍നിന്ന് 80 ആക്കി. മിനിമം നിരക്കില്‍ അഞ്ചുകിലോമീറ്റര്‍വരെ സഞ്ചരിക്കാം.

ലോ ഫ്‌ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കുമുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. കിലോമീറ്ററിനുള്ള നിരക്ക് 1.50 രൂപയായി തുടരും. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ വോൾവോ ബസുകളുടെ നിരക്കും വർധിപ്പിച്ചു. 80 രൂപയാണ് ഇനി മിനിമം നിരക്ക്. മിനിമം നിരക്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 1.91 രൂപയില്‍നിന്ന് രണ്ടാക്കി ഉയര്‍ത്തി.

സൂപ്പര്‍ എയര്‍ എക്‌സ്​പ്രസ് ബസിന്റെ മിനിമം നിരക്ക് 28 രൂപയാക്കി. നിലവില്‍ 25 ആയിരുന്നു. മിനിമം ചാര്‍ജില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ ചാര്‍ജ് 85 പൈസയില്‍നിന്ന് 93 പൈസയായി ഉയര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com