സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് ഇന്ന് കൊടി ഉയരും

വ്യാഴാഴ്ച രാവിലെ 10 ന്  ചന്ദ്രശേഖരന്‍നായര്‍ നഗറില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും 
സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് ഇന്ന് കൊടി ഉയരും

മലപ്പുറം : സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. മലപ്പുറം ടൗണ്‍ഹാളിന് മുന്നിലെ കൊളാടി ഗോവിന്ദന്‍കുട്ടി നഗറില്‍ വൈകീട്ട് പതാക ഉയരുന്നതോടെയാണ് സംസ്ഥാന സമ്മേളനത്തിന് തുടക്കമാകുക. വ്യാഴാഴ്ച രാവിലെ 10 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലെ ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരും. സിപിഎമ്മില്‍ പിണറായി വിജയന് സമ്പൂര്‍ണ ആധിപത്യം എന്ന പോലെ, കാനം രാജേന്ദ്രന്റെ സമഗ്രാധിപത്യത്തോടെയാണ് ഇത്തവണ സിപിഐ സമ്മേളന നടപടികളിലേക്ക് പോകുന്നത്. പാര്‍ട്ടിയില്‍ പിടിമുറുക്കിയ കാനത്തിന് ഇത്തവണ എതിരുണ്ടാകില്ലെന്നാണ് സൂചന. 

കഴിഞ്ഞ തവണ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തെ എതിര്‍ത്ത് കെ ഇ ഇസ്മയില്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ അവസാന നിമിഷം ഇസ്മയില്‍ മല്‍സരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. കാനത്തിന്റെ ഏകാധിപത്യ നിലപാടില്‍ അതൃപ്തരാണ് ഇസ്മയില്‍ ക്യാമ്പ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാനത്തെ തുറന്ന് എതിര്‍ക്കുമോ എന്നത് കണ്ടറിയണം. സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ തുടങ്ങിയ സീനിയര്‍ നേതാക്കളെ അവഗണിക്കുന്നു എന്ന പരാതിയും നിലവിലുണ്ട്. 

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ മിക്കതിലും മല്‍സരത്തിലൂടെയാണ് കമ്മിറ്റികളെ നിശ്ചയിച്ചത്. വയനാട്ടില്‍ ജില്ലാ സെക്രട്ടറിയാക്കാന്‍ നേതൃത്വം പരിഗണിച്ചിരുന്ന നേതാവിനെ മല്‍സരത്തിലൂടെ തോല്‍പ്പിക്കുന്ന സ്ഥിതിയുമുണ്ടായി. സിപിഐ സംസ്ഥാന കൗണ്‍സിലിലേക്ക് മല്‍സരം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com