ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരും; സമരത്തിന് നേതൃത്വം കൊടുത്ത സംഘടന പിരിച്ചുവിട്ടു

സമരം അവസാനിപ്പിച്ചെന്ന ഡോക്ടര്‍മാരുടെ അറിയിപ്പിനെ തുടര്‍ന്ന് ആശുപത്രികളിലെ ബദല്‍ സംവിധാനങ്ങള്‍ പിന്‍വലിച്ചിരുന്നു
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരും; സമരത്തിന് നേതൃത്വം കൊടുത്ത സംഘടന പിരിച്ചുവിട്ടു

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ ഉള്‍പ്പെടയുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും. ഒപിയിലും വാര്‍ഡുകളിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായ നടന്ന ചര്‍ച്ചയില്‍ ഉറപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുകയാണ് എന്നാണ് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കിട്ടിയ ഉറപ്പുകള്‍ രേഖാമൂലം വാങ്ങാന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സമരം തുടരാന്‍ തീരുമാനിച്ചത്. 

കേരള മെഡിക്കോസ്‌ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടയുടെ കീഴിലായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാരും പിജി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടയുള്ളവര്‍ സമരം നടത്തി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഉറപ്പുകളൊന്നും രേഖാമൂലം എഴുതി വാങ്ങാന്‍ സധിച്ചില്ല എന്ന് സംഘടനയ്ക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുകയും സംഘടന പിരിച്ചു വിടുകയും ചെയ്തു. ഒപ്പംതന്നെ മെഡിക്കല്‍ കോളജ് പിജി അസോസിയേഷന്റെ നേതൃ സ്ഥാനത്ത് നിന്ന് രണ്ടുപേരെ പുറത്താക്കി. പുതിയ നേതൃത്തിന്റെ തീരുമാന പ്രകാരമാണ് സമരം തുടരുന്നത്. 

സമരം അവസാനിപ്പിച്ചെന്ന ഡോക്ടര്‍മാരുടെ അറിയിപ്പിനെ തുടര്‍ന്ന് ആശുപത്രികളിലെ ബദല്‍ സംവിധാനങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുള്ള സമര പ്രഖ്യാപനം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാന്‍ സാധ്യതയുണ്ട്. 

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്നും അതിനിടയാക്കിയ സാഹചര്യം ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ആര്‍ദ്രം മിഷന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെമന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com