നാം മുന്നോട്ട് മുഖ്യമന്ത്രിക്ക് 'ആപ്പായി' മാറും ; പരിപാടി നനഞ്ഞ പടക്കമെന്ന് റോയ് മാത്യു

നോക്കെത്താ ദൂരത്ത് ഒരു കസേരയില്‍ പിടിച്ചിരുത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ഇരിപ്പാണ് പരിപാടിയുടെ ഏറ്റവും വലിയ നെഗറ്റീവ് വിഷ്വല്‍
നാം മുന്നോട്ട് മുഖ്യമന്ത്രിക്ക് 'ആപ്പായി' മാറും ; പരിപാടി നനഞ്ഞ പടക്കമെന്ന് റോയ് മാത്യു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ട് നനഞ്ഞ പടക്കമായെന്ന് മാധ്യമപ്രവര്‍ത്തകന്‍
റോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് റോയ് മാത്യു ഇങ്ങനെ അഭിപ്രായപ്പെട്ടത്. പരിപാടിയിലൂടെ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് പിണറായിക്കും പരിപാടി അവതരിപ്പിച്ച വീണ ജോര്‍ജിനും പിടിപാടുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെ ഒരു കസേരയില്‍ പിടിച്ചിരുത്തി ക്ഷണിക്കപ്പെട്ട ഗസ്റ്റുകളെ കൊണ്ട് കുറെ സുഖിപ്പീര് ചോദ്യം ചോദിപ്പിച്ച് എഫക്റ്റിനായി കൈയ്യടി ശബ്ദം ഇടുന്ന വൃത്തികെട്ട ഒരേര്‍പ്പാടും പരിപാടിക്കിടയില്‍ കാണാനായി.

സ്ത്രീ സുരക്ഷ യെക്കുറിച്ചായിരുന്നു ആദ്യ എപ്പിസോഡ്. നീതി കിട്ടാതെ പോയ ഒരു സ്ത്രീയെ എങ്കിലും ഈ പരിപാടിയില്‍ പങ്കെടുപ്പിച്ച് അവര്‍ക്ക് നീതി ഉറപ്പാക്കിയിരുന്നെങ്കില്‍ പരിപാടി അര്‍ത്ഥവത്താകുമായിരുന്നു. നോക്കെത്താ ദൂരത്ത് ഒരു കസേരയില്‍ പിടിച്ചിരുത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ഇരിപ്പാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നെഗറ്റീവ് വിഷ്വല്‍. മുഖ്യമന്ത്രിയെ ജനകീയനാക്കി റീ ബ്രാന്‍ഡ് ചെയ്യാനുള്ള 'നാം മുന്നോട്ട് ' ആദ്ദേഹത്തിന് 'ആപ്പാ'യി മാറാനിടയുണ്ട്. സി പി എമ്മുകാര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നതും വിശ്വാസ്യത ഇല്ലെന്നുമൊക്കെ സൈബര്‍ സഖാക്കള്‍ വിളിച്ചു കൂവുന്ന രാജീവ് ചന്ദ്രശേഖറിന്റ ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് ലക്ഷം രൂപ വീതം നല്‍കി ഓരോ എപ്പിസോഡും കാണിക്കുന്നതിന്റെ ഔചിത്യമെന്താണ് സഖാക്കളേ ?. റോയ്മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട് ' ,പരിപാടി ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നലെ കണ്ടു. ഈ പരിപാടിയിലൂടെ എന്താണ് അദ്ദേഹം പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് പിണറായിക്കും പരിപാടി അവതരിപ്പിച്ച വീണ ജോര്‍ജിനും വലിയ പിടിപാടുണ്ടായിരുന്നില്ല.മുഖ്യമന്ത്രിയെ ഒരു കസേരയില്‍ പിടിച്ചിരുത്തി ക്ഷണിക്കപ്പെട്ട ഗസ്റ്റുകളെ കൊണ്ട് കുറെ സുഖിപ്പീര് ചോദ്യം ചോദിപ്പിച്ച് എഫക്റ്റിനായി കൈയ്യടി ശബ്ദം ഇടുന്ന വൃത്തികെട്ട ഒരേര്‍പ്പാടും ഈ പരിപാടിക്കിടയില്‍ കാണാനായി.

സ്ത്രീ സുരക്ഷ യെക്കുറിച്ചായിരുന്നു ആദ്യ എപ്പിസോഡ് – നീതി കിട്ടാതെ പോയ ഒരു സ്ത്രീയെ എങ്കിലും ഈ പരിപാടിയില്‍ പങ്കെടുപ്പിച്ച് അവര്‍ക്ക് നീതി ഉറപ്പാക്കിയിരുന്നെങ്കില്‍ പരിപാടി അര്‍ത്ഥവത്താകുമായിരുന്നു. ടണ്‍ കണക്കിന് മാധ്യമ ഉപദേശികള്‍ക്കു പുറമേ ഇത്തരം ചവറ് പരിപാടി നടത്തിയാലൊന്നും മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിക്കില്ല – മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനുള്ള ഒറ്റമൂലിയൊന്നും ഈ കൂശ്മാണ്ഡങ്ങള്‍ക്ക് ഇനിയും മനസിലായിട്ടില്ല. മുഖ്യമന്ത്രിയും സദസും തമ്മിലുള്ള അകലം തന്നെയാണ് ഈ പരിപാടിയുടെ ശാപം – നോക്കെത്താ ദൂരത്ത് ഒരു കസേരയില്‍ പിടിച്ചിരുത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ഇരിപ്പാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നെഗറ്റീവ് വിഷ്വല്‍ – ഒറ്റനോട്ടത്തില്‍ തന്നെ ഈ പടം ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണു എന്ന് മനസിലാകും.
മുഖമന്ത്രിയുടെ ലൈക്ക് കൂട്ടാന്‍ ഇത്തരം ഗിമ്മിക്കുകള്‍ ബൂമറാംഗായി ഭവിക്കുമെന്നുറപ്പാണ് .. മുഖ്യമന്ത്രിയെ ജനകീയനാക്കി റീ ബ്രാന്‍ഡ് ചെയ്യാനുള്ള 'നാം മുന്നോട്ട് ' ആദ്ദേഹത്തിന് 'ആപ്പാ'യി മാറാനിടയുണ്ട്.

ഏതായാലും ഈ പരിപാടിയുടെ പ്രൊഡ്യൂസറിന് ഒരു കുതിരപ്പവന്‍ എന്റെ വക…

സി പി എമ്മുകാര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നതും വിശ്വാസ്യത ഇല്ലെന്നുമൊക്കെ സൈബര്‍ സഖാക്കള്‍ വിളിച്ചു കൂവുന്ന രാജീവ് ചന്ദ്രശേഖറിന്റ ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് ലക്ഷം രൂപ വീതം നല്‍കി ഓരോ എപ്പിസോഡും കാണിക്കുന്നതിന്റെ ഔചിത്യമെന്താണ് സഖാക്കളേ ? വിശ്വാസത ഇല്ലെന്ന് നിങ്ങള്‍ പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത് ഈ പരിപാടി കാണിപ്പിക്കുന്നതിനെ നിങ്ങള്‍ താത്വികമായി എങ്ങനെ വിശദീകരിക്കും? എന്തായാലും ഏഷ്യാനെറ്റ് ന്യൂസിന് പരസ്യം കിട്ടിയതിനു പുറമേ സഖാക്കളുടെ അക്കൗണ്ടില്‍ തങ്ങള്‍ എന്നും എപ്പോഴും No .1 ചാനലെന്ന പദവിയും നില നിര്‍ത്താനായി….
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com