ഉദയകുമാറിനെ ഉരുട്ടിക്കൊന്നത് തന്നെ ; മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയതായും ശ്രീകുമാരി
ഉദയകുമാറിനെ ഉരുട്ടിക്കൊന്നത് തന്നെ ; മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി

തിരുവനന്തപുരം :  ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ലോക്കപ്പ് മര്‍ദനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ച് മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി. മുന്‍ പോറന്‍സിക് ഡയറക്ടറായ ഡോക്ടര്‍ ശ്രീകുമാരി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഉദയകുമാര്‍ മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പേ ഉണ്ടായ മാരകമായ മര്‍ദനമാണ് മരണകാരണമെന്നും ഡോക്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. 

ഉദയകുമാര്‍ കേസില്‍ നിര്‍ണായക മൊഴിയാണ് ഡോക്ടര്‍ ശ്രീകുമാരി നല്‍കിയിരിക്കുന്നത്. ഉദയകുമാറിന്റെ ദേഹത്ത് മാരകമായി മര്‍ദനമേറ്റ പാടുണ്ടായിരുന്നു. സ്വാഭാവിക കാരണങ്ങളാലല്ല മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയതായും ശ്രീകുമാരി പറഞ്ഞു. മര്‍ദിക്കാനുപയോഗിച്ച ജിഐ പൈപ്പ് ഡോക്ടര്‍ തിരിച്ചറിഞ്ഞു. മര്‍ദിക്കാന്‍ ഉപയോഗിച്ച ജിഐ പൈപ്പ് മറ്റൊരു സാക്ഷിയും തിരിച്ചറിഞ്ഞിട്ടുണ്ട്.

2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയില്‍ യുവാവിനെ മൃഗീയമായി ഉരുട്ടിക്കൊലപ്പെടുത്തിയത്. ഉദയകുമാറിനെയും കൂട്ടാളി സുരേഷിനെയും സംഭവ ദിവസം രണ്ടേകാലോടെയാണു ശ്രീകണ്‌ഠേശ്വരം പാര്‍ക്കിനു സമീപത്തുനിന്നു ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. രാത്രി പത്തരയോടെ ഉദയകുമാറിനെ അവശനിലയില്‍ പൊലീസ് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടത്തെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഉടന്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തുംമുന്‍പേ ഉദയകുമാര്‍ മരിച്ചതായാണു സിബിഐ കണ്ടെത്തിയത്. 

ഡിവൈഎസ്പി ഇ കെ സാബു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അജിത്കുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ വിപി മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സിബിഐ അന്വേഷണത്തില്‍ കൊലപാതകത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും വെവ്വേറെ കുറ്റപത്രങ്ങളാണ് തയാറാക്കിയത്. എന്നാല്‍, രണ്ടു കുറ്റപത്രങ്ങളും ഒരുമിച്ച് വിചാരണ നടത്താനാണ് സിബിഐ കോടതി തീരുമാനം. പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ നിര്‍മിച്ചതിനുമാണ് കേസെടുത്തത്. 

അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അടക്കം ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. 2007ല്‍ തിരുവനന്തപുരം അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും മുഖ്യസാക്ഷി സുരേഷ്‌കുമാര്‍ നാടകീയമായി കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കപ്പെട്ടു. സാക്ഷികളായ ഭൂരിഭാഗം പൊലീസുകാരും കൂറുമാറി. ഇതോടെ ഉദയകുമാറിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com