ബുദ്ധിജീവികള്‍ ശ്രീനാരായണ ഗുരുവിനെ ദൈവമല്ലാതാക്കാന്‍ ശ്രമിക്കുന്നു; തുഷാര്‍ വെള്ളാപ്പള്ളി

അദ്ദേഹം ഹിന്ദു ആചാരങ്ങള്‍ക്ക് എതിരായിരുന്നില്ല. ഹിന്ദു ആചാരപ്രകാരമാണ് അദ്ദേഹം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്.
ബുദ്ധിജീവികള്‍ ശ്രീനാരായണ ഗുരുവിനെ ദൈവമല്ലാതാക്കാന്‍ ശ്രമിക്കുന്നു; തുഷാര്‍ വെള്ളാപ്പള്ളി

വര്‍ക്കല: ചില ബുദ്ധിജീവികള്‍ ശ്രീനാരായണ ഗുരുവിനെ ദൈവമല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ശ്രീനാരായണ ഗുരു ദൈവം തന്നെയാണ്. അദ്ദേഹം ഹിന്ദു ആചാരങ്ങള്‍ക്ക് എതിരായിരുന്നില്ല. ഹിന്ദു ആചാരപ്രകാരമാണ് അദ്ദേഹം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ജാതിയോ മതമോ ഇല്ലെന്ന് ഗുരു പറഞ്ഞിട്ടില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. ശിവഗിരി തീര്‍ത്ഥാടന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍. 

നബിയെയും ക്രിസ്തുവിനെയും ദൈവമായിട്ടാണ് ജനത ആരാധിക്കുന്നത്. ഗുരുവിനെ നേരിട്ട് കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിട്ടുള്ള നമ്മുടെ പൂര്‍വികര്‍ ദൈവമായിട്ടാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എന്നിട്ടും ഗുരുദേവനെ ദൈവമായി ആരാധിക്കാന്‍ കോടതി വരെ പോകേണ്ടിവന്നു. 

അന്‍പതിലേറെ ക്ഷേത്രങ്ങളില്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ഗുരുസന്ദേശത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് ഗുരു ദൈവമല്ലെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. ഗുരുവിന് ജാതിയില്ലെന്നാണ് ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. 

ഗുരുദേവന്‍ തന്നെ എഴുതി ഉണ്ടാക്കിയിട്ടുള്ള എസ്എന്‍ഡിപി യോഗത്തിന്റെ ബൈലോയില്‍ ഈഴവന്റെയും തീയരുടെയും ഉന്നമനത്തിനാണ് സംഘടനയെന്ന് വ്യക്തമായി പറയുന്നുണ്ട്. ജാതിയില്ലെന്ന് ഗുരുദേവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. തുഷാര്‍ പറഞ്ഞു. 

തുഷാറിന്റെ ജാതി പ്രസംഗത്തിന് അതേ ചടങ്ങില്‍ വച്ചുതന്നെ എ.സമ്പത്ത് എംപി മറുപടി നല്‍കി. ശിവഗിരി ജാതി പറയാനുള്ള ഇടമല്ലെന്ന് എംപി പറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലക്ഷക്കണക്കിനാളുകളെത്തുന്നത് ആരും ക്ഷണിച്ചിട്ടല്ല. ചടങ്ങുകളില്‍ ആര് പങ്കെടുക്കുന്നുവെന്ന് നോക്കിയല്ല ശിവഗിരി തീര്‍ഥാടനത്തിന് ആളെത്തുന്നത്. ഗുരുദര്‍ശനം അനുഭവിക്കാനും കൂടുതല്‍ നന്നാകാനുമാണ് ഇവിടെ തീര്‍ഥാടകരെത്തുന്നതെന്നും സമ്പത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com