മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലിങ്ക് ഷെയര്‍ ചെയ്തു; വിമര്‍ശനം കനത്തപ്പോള്‍ ഡബ്ലൂസിസി പിന്‍വലിച്ചു

കസബ വിവാദത്തെ ചൊല്ലി സംഘടനയില്‍ ഉടലെടുത്ത ഭിന്നതയെ തുടര്‍ന്ന് ലിങ്ക് ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു
മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലിങ്ക് ഷെയര്‍ ചെയ്തു; വിമര്‍ശനം കനത്തപ്പോള്‍ ഡബ്ലൂസിസി പിന്‍വലിച്ചു

കൊച്ചി: കസബ വിവാദത്തിന് പിന്നാലെ മമ്മൂട്ടിയെ വിമര്‍ശിച്ചുളള ലിങ്ക് വുമണ്‍ കളക്ടീവ് ഇന്‍ സിനിമ പിന്‍വലിച്ചു. നടന്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം ഡെയ്‌ലിഒ എന്ന ഇംഗ്ലീഷ് വെബ് സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് വുമണ്‍ കളക്ടീവ് ഇന്‍ സിനിയയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ കസബ വിവാദത്തെ ചൊല്ലി സംഘടനയില്‍ ഉടലെടുത്ത ഭിന്നതയെ തുടര്‍ന്ന് ലിങ്ക് ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. 

മമ്മൂട്ടി പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്യുന്നില്ല എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ അടങ്ങിയ ലേഖനമാണ് വിമന്‍ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.  ഷെയര്‍ ചെയ്ത ലേഖനം പിന്നീട് പിന്‍വലിച്ചുവെങ്കിലും മമ്മൂട്ടിയെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതിനോട് മഞ്ജുവിന് യോജിപ്പില്ല. അടുത്തിടെയായി വിമന്‍ കളക്ടീവുമായി മഞ്ജു അകലം പാലിച്ചിരുന്നു. 

സംഘടനയുമായി സഹകരിച്ചാല്‍ സിനിമാ രംഗത്ത് തിരിച്ചടിയാകുമെന്നാണ് മഞ്ജുവിന്റെ ആശങ്ക. സംഘടനയില്‍ അംഗമാണെങ്കിലും അടുത്തിടെയായി സംഘടനയുടെ പല തീരുമാനങ്ങളും മഞ്ജു അറിയുന്നുണ്ടായിരുന്നില്ല. മമ്മൂട്ടിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്.

കസബ വിവാദം കത്തി നിന്നപ്പോഴും വിഷയത്തില്‍ മഞ്ജു അഭിപ്രായം പറഞ്ഞിരുന്നില്ല. സിനിമയില്‍ തനിക്ക് സ്ത്രീ വിരുദ്ധ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ചിലര്‍ക്ക് അത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. മമ്മൂട്ടിയെ വനിതാ കൂട്ടായ്മ അപമാനിച്ചുവെന്നാണ് ആരാധകരുടെ പരാതി. 

അതിനിടെ ഇപ്പോഴും തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാര്‍വതി വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. ജീവിച്ചിരിക്കാന്‍ പറ്റിയ സമയം എല്ലാവരുടേയും തനിനിറം പുറത്ത് വരുന്നു. പോപ്‌കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുപാര്‍വതി ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com