മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ല; കൈരളി ചാനല്‍ എന്തിനെന്നും സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാര്‍ട്ടി ചാനലിനെതിരെയും സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം - ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായാല്‍ ചാനല്‍ രക്ഷപ്പെടുമെന്നും വിമര്‍ശം
മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ല; കൈരളി ചാനല്‍ എന്തിനെന്നും സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിക്ക് പൊലീസിനെ നിയന്ത്രിക്കാനാകുന്നില്ലെന്നാതാണ് പൊതുവായ വിമര്‍ശനം. കോഴിക്കോട് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിട്ടും ഒരു പ്രതിയെ പോലും പിടിക്കാനാവാത്ത് വലിയ അനാസ്ഥയാണെന്നാണ് സമ്മേളനത്തില്‍ ഭൂരിഭാഗം പ്രതിനിധികളും ഉന്നയിച്ചത്. മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനങ്ങള്‍

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പൊലീസ് സ്റ്റേഷനില്‍ നിരന്തരം ഇടപെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കോഴിക്കോട് ജില്ലയില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കള്ളക്കേസുകളാണ് ഉള്ളത്. പല കേസുകളിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ പാര്‍ട്ടിക്ക് ദുഷ്‌പേര് ഉണ്ടാക്കുന്നതാണെന്നും സഖാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

ജില്ലാ കമ്മറ്റി ഓഫീസിനെതിരെ ആക്രമണം ഉണ്ടായപ്പോള്‍ പ്രതികളെ പിടികൂടാത്തതും അന്വേഷണം അവസാനിപ്പിച്ചതും ആക്രമണം നടത്തിയത് പാര്‍ട്ടി തന്നെയാണെന്ന എതിരാളികള്‍ക്ക് പറയാന്‍ ആവസരമൊരുക്കി. ജിഷ്ണുകേസില്‍ മഹിജയ്‌ക്കെതിരായ പൊലീസിന്റെ നടപടിയും ദുഷ്‌പേരുണ്ടാക്കിയെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

മറ്റൊരു പ്രധാന വിമര്‍ശനം പാര്‍ട്ടി ചാനലായ കൈരളിക്കെതിരെയായിരുന്നു. ജോണ്‍ബ്രിട്ടാസ് പൂര്‍ണസമയം മുഖ്യമന്ത്രിയോടൊപ്പം നിന്നാല്‍ ചാനല്‍ എങ്കിലും രക്ഷപ്പെടുമെന്നായിരുന്നു വിമര്‍ശനം. ഇക്കിളി വാര്‍ത്തകള്‍ക്കപ്പുറം കാര്യമായൊന്നും ചാനല്‍ ശ്രദ്ധിക്കുന്നില്ല. മാധ്യമഭീകരതയെന്ന് നാം ആവര്‍ത്തിക്കുമ്പോള്‍ കൈരളിയുടെ ഭീകരത കാണാതിരുന്നൂ കൂടാ. കൈരളിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. റേറ്റിംഗ് കൂട്ടാന്‍ എന്തും വാര്‍ത്തയും നല്‍കുന്ന രീതി പാര്‍ട്ടി ഇടപെട്ട് അവസാനിപ്പിക്കണമെന്നും വിമര്‍ശനം ഉയര്‍ന്നു.

ഓഖി ദുരന്തവേളയില്‍ ഉടനടി മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിനെതിരെയും മുകേഷ് എംഎല്‍എയുടെ നിലപാടിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. സമ്മേളനത്തില്‍ ആര്‍ക്കെതിരെയും വ്യക്തിപരാമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com