'ഇത് അണുബോംബൊന്നുമല്ല' ; പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ കലാപത്തിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രമേയം

ലോകത്തൊരിടത്തും പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതികള്‍ കാടുകളിലൂടെയോ മലകളിലൂടെയോ അല്ല പോകുന്നത്. 
'ഇത് അണുബോംബൊന്നുമല്ല' ; പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ കലാപത്തിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രമേയം

കോഴിക്കോട് : ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രമേയം. ഗെയ്ല്‍ പ്രകൃതിവാതക പദ്ധതിക്കെതിരെ പ്രചാരണം നടത്തുന്നത്  വികസന വിരോധികളാണ്. ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണം. ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും വര്‍ഗീയ തീവ്രവാദ സംഘടനകളും മുക്കം തിരുവമ്പാടി മേഖലകളിലെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. 

സര്‍ക്കാരിനെതിരെ കലാപം സൃഷ്ടിക്കാനാണ് ഇവരുടെ ലക്ഷ്യം. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി നാടിന്റെ പുരോഗതിയെ എതിര്‍ക്കുന്ന വികസന വിരോധികളെ തിരിച്ചറിയണം. ഇത് അണുബോംബൊന്നുമല്ലെന്നും പൈപ്പ്‌ലൈന്‍ പദ്ധതിയെ ന്യായീകരിക്കുന്ന പ്രമേയം ചൂണ്ടിക്കാട്ടുന്നു. ലോകത്തൊരിടത്തും പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതികള്‍ കാടുകളിലൂടെയോ മലകളിലൂടെയോ അല്ല പോകുന്നത്. ജനവാസ മേഖലകളിലൂടെ തന്നെയാണ് പോകുന്നത്. ഇറാനും ഖത്തറും ഇതിന് ഉദാഹരണങ്ങളാണ്. 

കോഴിക്കോടിനേക്കാള്‍ ജനസാന്ദ്രത കൂടിയ എറണാകുളത്തും ജനവാസ മേഖലകളിലൂടെ തന്നെയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. അവിടെ യാതൊരു പ്രശ്‌നവുമുണ്ടായില്ല. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന് ഒരു വിഭാഗം യുഡിഎഫ് നേതാക്കളും പിന്തുണ നല്‍കുന്നതായും ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു. നേരത്തെ ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് ജില്ലയിലെ ചില ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com