അമലപോളിന്റെ വാദം തെറ്റ് ; നടിയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

അമല പോളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ നടിക്ക് ജാമ്യം നല്‍കരുതെന്നും ക്രൈംബ്രാഞ്ച്
അമലപോളിന്റെ വാദം തെറ്റ് ; നടിയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി : പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍ കേസില്‍ സിനിമാ നടി അമല പോളിനെതിരെ ക്രൈംബ്രാഞ്ച്. നടിയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അമലയുടെ വാദം തെറ്റാണ്. നടി വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ചാണ്. 

താമസസ്ഥലം സംബന്ധിച്ച് അമല പോളും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ട്. താഴത്തെ നിലയിലെ വീട്ടില്‍ താമസിച്ചെന്നാണ് അമല വ്യക്തമാക്കിയത്. എന്നാല്‍ അമല മുകളിലത്തെ നിലയിലാണ് താമസിച്ചതെന്നാണ് വീട്ടുടമ പറയുന്നത്. അമലപോള്‍ ഇവിടെ താമസിച്ചതായി പ്രദേശവാസികള്‍ ആരും മൊഴി നല്‍കിയിട്ടില്ല. അമല നല്‍കിയ വിലാസത്തില്‍ കൂടുതല്‍ പേര്‍ താമസിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കണ്ണൂര്‍ സ്വദേശി അഖില്‍ ഇതേവിലാസത്തിലാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. 

നോട്ടറി നല്‍കിയ മൊഴിയും അമല പോളിനെതിരാണെന്ന് ക്രൈംബ്രാഞ്ച് സത്യവാംഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അമല നേരിട്ടെത്തിയിരുന്നില്ലെന്ന് നോട്ടറി സൂചിപ്പിച്ചു. ഏജന്‍രാണ് എത്തിയതെന്നും, നടിയെ നേരിട്ട് കണ്ടിട്ടില്ലെന്നും നോട്ടറി അറിയിച്ചതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നോട്ടറൈസ് ചെയ്‌തെന്ന് പറയുന്ന ഒപ്പ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ അമല പോളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ നടിക്ക് ജാമ്യം നല്‍കരുതെന്നും ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അമല പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് പുതുച്ചേരിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com