ഒടുവില്‍ സിപിഎം നിലപാട് മാറ്റി ; ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിഎസും  

വിഎസിനെക്കൂടാതെ  പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്
ഒടുവില്‍ സിപിഎം നിലപാട് മാറ്റി ; ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിഎസും  

ആലപ്പുഴ : സിപിഎം സമ്മേളനങ്ങളുടെ കാലത്ത്, ഒരു ജില്ലാ സമ്മേളനത്തിലേക്കും പാര്‍ട്ടിയുടെ സ്ഥാപക നേതാവായ വിഎസ് അച്യുതാനന്ദനെ ക്ഷണിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. വിഎസിന്റെ മണ്ഡലം ഉള്‍പ്പെടുന്ന പാലക്കാടും, സ്വന്തം ജില്ലയായ ആലപ്പുഴയിലേക്കും വിഎസിന് ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍ വിഎസിനെ ക്ഷണിക്കാതിരുന്ന നടപടി പുനഃപരിശോധിക്കാന്‍ സിപിഎം ഒടുവില്‍ തീരുമാനിച്ചു. ആലപ്പുഴ ജില്ലാ സമ്മേളനത്തിലേക്കാണ് പാര്‍ട്ടി വിഎസിനെ ക്ഷണിച്ചത്. 

കായംകുളത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായി വി എസ് മൂന്നു ദിവസവും പങ്കെടുക്കും. നേരത്തേ നിശ്ചയിച്ച കാര്യപരിപാടി തിരുത്തിയാണു വിഎസിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നത്. വിഎസിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നു ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വം വി.എസിനെ ക്ഷണിച്ചു. വിഎസിനെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10 ന് കായംകുളത്ത് ജില്ലാ സമ്മേളന സെമിനാര്‍ വി എസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 13 മുതല്‍ 15 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തെ ഉപരിസമിതിയില്‍ ഇരുന്നു നിയന്ത്രിക്കുകയും ചെയ്യും. പാര്‍ട്ടി ചട്ടങ്ങളുടെ സാങ്കേതികത്വം മൂലമാണു വിഎസിനെ നേതൃനിരയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്നതെന്നാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിലെ പ്രതിനിധികള്‍ മാത്രമാണു ജില്ലാ സമ്മേളനങ്ങളിലെ ഉപരിസമിതിയില്‍ അംഗങ്ങളാകുക. കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവ് മാത്രമായ വിഎസിന് ഈ സമിതിയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com