കോണ്‍ഗ്രസ് ബന്ധം : കാരാട്ട് അയഞ്ഞപ്പോള്‍ എസ്ആര്‍പി മുറുകി ; കടുംപിടുത്തത്തിന് പിന്നില്‍ കേരള ഘടകമോ ? 

സില്‍ക്ക്, കയര്‍ ബോര്‍ഡുകളിലേക്കുള്ള എംപിമാരുടെ തെരഞ്ഞെടുപ്പില്‍ പി കെ ശ്രീമതിയും എസമ്പത്തും കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചിരുന്നു
കോണ്‍ഗ്രസ് ബന്ധം : കാരാട്ട് അയഞ്ഞപ്പോള്‍ എസ്ആര്‍പി മുറുകി ; കടുംപിടുത്തത്തിന് പിന്നില്‍ കേരള ഘടകമോ ? 

ന്യൂഡല്‍ഹി :  കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലി സിപിഎമ്മിലെ ഭിന്നത തുടരുന്നു. കോണ്‍ഗ്രസ് ബന്ധത്തില്‍ മുന്‍നിലപാടില്‍ അയവു വരുത്താന്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയ്യാറായപ്പോള്‍, പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള കടുംപിടുത്തം തുടരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈന്‍. എന്നാല്‍ ബിജെപിയെപ്പോലെ തന്നെ കോണ്‍ഗ്രസും ശത്രുവാണെന്നും, കോണ്‍ഗ്രസുമായി സഹകരിക്കാനാകില്ലെന്നുമാണ് യെച്ചൂരിയെ എതിര്‍ക്കുന്ന കാരാട്ട് പക്ഷം മുന്നോട്ടുവെക്കുന്നത്. 

പാര്‍ട്ടിയിലെ പറഞ്ഞുതീര്‍ക്കാന്‍ സിപിഎം അവെയ്‌ലബ്ള്‍ പൊളിറ്റ്ബ്യൂറോ ഈ മാസം രണ്ടാം വാരം വീണ്ടും ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ പ്രകാശ് കാരാട്ട് നിലപാട് മയപ്പെടുത്തിയെങ്കിലും, കാരാട്ടിനൊപ്പം ബദല്‍ രേഖയുണ്ടാക്കിയ എസ് രാമചന്ദ്രന്‍പിള്ള മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പറയുന്നത്. കേരള ഘടകത്തിന്റെ താല്‍പര്യപ്രകാരമാണ് രാമചന്ദ്രന്‍പിള്ള കടുത്ത നിലപാടു തുടരുന്നതെന്നും വിമര്‍ശനമുണ്ട്. 

ഒരു ഇംഗ്ലിഷ് പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് കോണ്‍ഗ്രസ് ബന്ധത്തില്‍ നിലപാട് മയപ്പെടുത്തിയത്. ആര്‍എസ്എസും ബിജെപിയുമാണ് പരാജയപ്പെടുത്തേണ്ട മുഖ്യശത്രു എന്നതാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍. കോണ്‍ഗ്രസിനോടും ബിജെപിയോടും സമദൂര സമീപനമല്ല. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ വര്‍ഗസ്വഭാവമാണെങ്കിലും ആര്‍എസ്എസിന്റെ ഭാഗമായ ബിജെപിയാണു രാഷ്ട്രീയമായി കൂടുതല്‍ അപകടകാരി. ബിജെപി മുഖ്യശത്രുവും മുഖ്യഭീഷണിയുമാണ്. അവര്‍ക്കെതിരെ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളുടെ വിശാല ഐക്യമാണ് അഭികാമ്യം. കാരാട്ട് വിശദീകരിച്ചു. 

കോണ്‍ഗ്രസുമായി ധാരണപോലും പാടില്ലെന്ന നിലപാടിലായിരുന്ന കാരാട്ട് ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അതിനിടെ, കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍, സില്‍ക്ക് ബോര്‍ഡിലേക്കും കയര്‍ ബോര്‍ഡിലേക്കുമുള്ള എംപിമാരുടെ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്രീമതിയും എ.സമ്പത്തും കോണ്‍ഗ്രസിന്റെ പിന്തുണയോടെ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് ബന്ധത്തില്‍ അന്തിമ തീരുമാനത്തിനായി സിപിഎം കേന്ദ്ര കമ്മിറ്റി ഈ മാസം 19 മുതല്‍ മൂന്നു ദിവസം കൊല്‍ക്കത്തയില്‍ ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com