ആദ്യം കോടിയേരി മാപ്പുപറയട്ടെ ; ബല്‍റാമിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് 

നെഹ്‌റു കുടുംബത്തെ അപമാനിച്ച കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.
ആദ്യം കോടിയേരി മാപ്പുപറയട്ടെ ; ബല്‍റാമിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് 

തിരുവനന്തപുരം : എകെജിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ വി ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. ബല്‍റാമിന്റേത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണ്. ബല്‍റാം മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നവര്‍ ആദ്യം കോടിയേരി ബാലകൃഷ്ണനെക്കൊണ്ട് മാപ്പു പറയിപ്പിക്കണമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. 

നെഹ്‌റു കുടുംബത്തെ അപമാനിച്ച കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. അതിന് ശേഷമാകാം ബല്‍റാമിനോട് മാപ്പു പറയാന്‍ ആവശ്യപ്പെടാനെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. നെഹ്രു കുടുംബത്തിലുള്ളവര്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന കോടിയേരിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചായിരുന്നു ഡീനിന്റെ അഭിപ്രായപ്രകടനം. 

വിടി ബല്‍റാമിന്റെ പരാമര്‍ശത്തെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ തയ്യാറാകണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു. പച്ചത്തെറി പറഞ്ഞുകൊണ്ട് പോസ്റ്റിന്റെ മാന്യതയെപ്പറ്റി പറയുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും അഭിജിത്ത് സൂചിപ്പിച്ചു. 

അതേസമയം വിടി ബല്‍റാമിന്റെ എകെജിക്കെതിരായ പരാമര്‍ശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിപ്പറഞ്ഞു. ബല്‍റാമിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് എംഎം ഹസ്സനും, പരിധി വിട്ടുപോയെന്ന് ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടിരുന്നു. ബല്‍റാമിന്റെ പരാമര്‍ശത്തെ രമേശ് ചെന്നിത്തലയും വിമര്‍ശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com