ഇത് സാഹസികോര്‍ജം തന്നെയാണ്; 17 ദിവസം കൊണ്ട് പൂക്കോട്ടുകാവില്‍ തെളിഞ്ഞ സൗരോര്‍ജത്തിന്റെ കഥ

സോളാറെന്നാല്‍ സരിതമാത്രമെന്ന് കരുതിയിരിക്കുന്നവര്‍ കാണേണ്ടതുതന്നെയാണ് പൂക്കോട്ടുകാവിന്റെ ഈ ചുവടുവയ്പ്പ്.
ഇത് സാഹസികോര്‍ജം തന്നെയാണ്; 17 ദിവസം കൊണ്ട് പൂക്കോട്ടുകാവില്‍ തെളിഞ്ഞ സൗരോര്‍ജത്തിന്റെ കഥ

റ്റപ്പാലത്തുനിന്ന് 13 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നാല്‍ പൂക്കോട്ടുകാവിന്റെ ടൗണില്‍ എത്താം, പക്ഷെ ടൗണ്‍ പ്രതീക്ഷിച്ച് ചെന്നാല്‍ വഴിതെറ്റിയോ എന്നു ചിലപ്പോള്‍ സംശയിക്കും. കാരണം എട്ടോ പത്തോ കടകളുള്ള ഒരു കവലയാണ് പൂക്കോട്ടുകാര്‍ക്ക് ടൗണ്‍. കേരളത്തില്‍ ഏറ്റവും പിന്നോക്കപഞ്ചായത്തുകളില്‍ ഒന്ന്, സ്വന്തമായി യാതൊരു വരുമാനവുമില്ലാത്ത ദരിദ്രമായ ഒരു പഞ്ചായത്താണ് പൂക്കോട്ടുകാവ്. 48ഓളം പട്ടികജാതി കോളനികള്‍ അടങ്ങിയ പഞ്ചായത്തില്‍ 20,000ത്തില്‍ താഴെ മാത്രമാണ് ജനസംഖ്യ.

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വികസനം എന്ന വാക്കിന്റെ മാനങ്ങള്‍ തിരുത്തിക്കുറിക്കുകയാണ് പൂക്കോട്ടുകാവ്. റോഡുപണിയും പാലം പണിയും മാത്രമല്ല വികസനം എന്ന സന്ദേശമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. അംഗന്‍വാടി, സ്‌കൂള്‍, കുടിവെള്ളം, മാലിന്യം തുടങ്ങിയ അടിസ്ഥാനസൗകര്യസംബന്ധമായ വിഷയങ്ങളാണ് ഇവര്‍ ചര്‍ച്ചചെയ്യുന്നത്. തൊഴിലറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് 300ഓളം സ്ത്രീകള്‍ 200ഓളം കിണറുകള്‍ കുഴിച്ചതും നാട്ടുകാരെല്ലാം ഒത്തുചേര്‍ന്ന് ഒരു ലക്ഷത്തോളം ഫലവൃക്ഷത്തൈകള്‍ നട്ടതുമെല്ലാം പൂക്കോട്ടുകാവിനെ വാര്‍ത്താകോളങ്ങളില്‍ നിറച്ചിരുന്നു. പൂക്കോട്ടുകാവിന് അഭിമാനമായി ഈ പട്ടികയിലേയ്ക്ക് പുതിയൊരു നേട്ടവും കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. സോളാറെന്നാല്‍ സരിതമാത്രമെന്ന് കരുതിയിരിക്കുന്നവര്‍ കാണേണ്ടതുതന്നെയാണ് ഇവരുടെ ഈ ചുവടുവയ്പ്പ്.

വേള്‍ഡ് ബാങ്കിന്റെ തദ്ദേശമിത്രം പദ്ദതിയിലൂടെ ലഭിച്ച 30ലക്ഷം രൂപ ഉപയോഗിച്ച് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച് കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നല്‍കിയിരിക്കുകയാണ് പൂക്കോട്ടുകാവ് പഞ്ചായത്ത്. മുന്‍പ് മറ്റൊരു പദ്ധതിക്കായി അനുവദിച്ച തുകയില്‍ 30ലക്ഷം രൂപ സേവിംഗ്‌സ് ഉണ്ടെന്ന വിവരം അറിയുന്നത് 2017 മാര്‍ച്ച് 13ന്. ഈ പണം ലഭ്യമാകണമെങ്കില്‍ 2016-17 സാമ്പത്തികവര്‍ഷത്തെ അവസാന ദിനമായ മാര്‍ച്ച് 31ന് മുന്‍പ് പ്രൊജക്ട് റിപ്പോര്‍ട്ട്, ടെന്‍ഡര്‍ തുടങ്ങി എഗ്രിമെന്റ് വരെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമായിരുന്നു. അതായത് മുന്നോട്ടുള്ള 17ദിവസത്തില്‍ ഇതെല്ലാം നടക്കണം. അതുകൊണ്ടുതന്നെ സൗരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്ന ഈ പദ്ധതിയെ പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ജയദേവന്‍ വിവരിക്കുന്നത് സാഹസികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറി എന്നാണ്. 17 ദിവസത്തെ സാഹസങ്ങള്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ കെഎസ്ഇബിയിലേക്ക് 30കിലോ വാട്ട് വൈദ്യുതി നല്‍കിയതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ജയദേവന്‍ സമകാലിക മലയാളത്തോട് പങ്കുവയ്ക്കുന്നു. 

കെ ജയദേവന്‍
പഞ്ചായത്ത് പ്രസിഡന്റ്

വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കാനുള്ള പദ്ധതി പെടുന്നനെ സംഭവിച്ചതാണെന്നും ഇതിനായി ഇറങ്ങിതിരിച്ചപ്പോഴാണ് യഥാര്‍ത്ഥ വെല്ലുവിളികള്‍ ഓരോന്നായി മനസിലായതുതന്നെയെന്നും ജയദേവന്‍ പറയുന്നു. സൗരോര്‍ജ്ജ പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍ക്കൊപ്പം 17ദിവസം എന്ന മറ്റൊരു കടമ്പ കൂടെ ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു. സോളാര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തിനെ പരിചയമുണ്ടായിരുന്നതിനാല്‍ വളരെയധികം കാലതാമസമെടുക്കുന്ന പ്രൊജക്ട് റിപ്പോര്‍ട്ട് രണ്ടു ദിവസംകൊണ്ട് തയ്യാറാക്കിയെടുക്കുകയായിരുന്നു, ജയദേവന്‍ പദ്ധതിയുടെ നാള്‍വഴികള്‍ പറഞ്ഞുതുടങ്ങുന്നു. അടുത്ത കടമ്പ ജില്ലാ വികസന സമിതി (ഡിപിസി)യുടെ അംഗീകാരം വാങ്ങുക എന്നതായിരുന്നു. മാസത്തില്‍ ഒന്നോ, രണ്ടോ മൂന്നോ മാസം കൂടുമ്പോഴോ മാത്രം ചേരുന്നതാണ് ഡിപിസിയോഗം. എന്നാല്‍ ഇതും വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോയി. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി ടെന്‍ഡര്‍ വിളിക്കുന്നത് തന്നെയായിരുന്നു. 30ലക്ഷം രൂപയുടെ പ്രൊജക്ട് ആയതിനാല്‍ തന്നെ ടെന്‍ഡര്‍ തുറക്കാന്‍ തന്നെ 25ദിവസത്തെ കാലാവധി വേണമായിരുന്നു. അതുകൊണ്ട് പദ്ധതിയെ 10ലക്ഷം രൂപയുടെ മൂന്ന് പ്രൊജക്ട് ആക്കി മാറ്റി. അത് ടെന്‍ഡര്‍ കാലാവധിയെ 7ദിവസമാക്കി ചുരക്കി. എന്നാല്‍ ടെന്‍ഡര്‍ വെല്ലുവിളികള്‍ അവിടെയും അവസാനിച്ചില്ല. ടെന്‍ഡര്‍ തീരുമാനിച്ചിരിക്കുന്ന ദിവസം വേണ്ടത്ര കമ്പനികളുടെ സാനിധ്യം ഉണ്ടായില്ലെങ്കില്‍ ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കും. കേരളത്തില്‍ ഈ രംഗത്ത് സര്‍ക്കാര്‍ അംഗീകൃത കമ്പനികള്‍ ഏകദേശം 22ഓളമാണുള്ളത്. ടെന്‍ഡര്‍ ദിവസം ഇവരുടെ സാനിധ്യം ഉറപ്പിക്കാന്‍ ഈ കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ടു. അത് ടെന്‍ഡര്‍ ദിനത്തില്‍ 6 കമ്പനികളുടെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ സഹായിച്ചു. കെല്‍ട്ര എന്ന കമ്പനിയാണ് ഏറ്റവും സ്വീകാര്യമായ ടെന്‍ഡര്‍ നല്‍കിയത്. പിന്നെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു - ആദ്യ 17 ദിവസത്തെ വിജയകരമായി നേരിട്ടതിന്റെ ക്രെഡിറ്റ് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ച ഒപ്പമുള്ള എല്ലാ ജീവനക്കാര്‍ക്കും പങ്കുവച്ചുകൊണ്ട് ജയദേവന്‍ പറഞ്ഞു. 

2017ഡിസംബറായപ്പോള്‍ പൂര്‍ണ്ണ രൂപത്തിലേക്കെത്തിയ പദ്ധതി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച സോളാര്‍ വഴി 30കിലോവാട്ട് വൈദ്യുതി കെഎസ്ഇബിക്ക് നല്‍കാനും ആരംഭിച്ചു. പഞ്ചായത്തിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതികളുടെ നിരയില്‍ തന്നെയാണ് സൗരോര്‍ജ്ജ പദ്ധതിയെന്ന ലക്ഷ്യവും വിജയകരമായി പൂര്‍ത്തീകരിച്ചതെന്നും ഇതോടൊപ്പം പഞ്ചായത്തിന് ഒരു വരുമാനം എന്ന തലത്തിലും ഈ പദ്ധതി പ്രയോജനകരമാകുമെന്നും ജയദേവന്‍ പറയുന്നു. വളരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടിവന്നതിനാല്‍ ഈ പദ്ധതിയുടെ മറ്റ് സാധ്യതകള്‍ അന്ന് അലോചിക്കാനായില്ലെന്നും മുന്നോട്ട് സ്വകാര്യ വ്യക്തികളെകൂടെ ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൂക്കോട്ടുകാവില്‍ സ്ഥാപിക്കപ്പെട്ടത് കുറേ സോളാര്‍ പാനലുകളല്ലെന്നും ഞങ്ങളെപോലൊരു ദരിദ്രപഞ്ചായത്തിന് ഇത് സാധിച്ചാല്‍ കേരളത്തിലെ ഏതൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും പ്രാവര്‍ത്തികമാക്കാവുന്ന ഒന്നാണ് സൗരോര്‍ജ്ജ പദ്ധതിയെന്ന ആശയമാണ് മുന്നോട്ടുവച്ചതെന്നും ജയദേവന്‍ പറയുന്നു. കേരളത്തില്‍ സൗരോര്‍ജ്ജം വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താല്‍ ജനങ്ങളും ഭരണരംഗത്തുള്ളവരും ഒരുപോലെ മനസ്സുവയ്ക്കണമെന്നും ജയദേവന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികശേഷിയുള്ളവരെ പ്രോത്സാഹിപ്പിച്ച് ഇത്തരം സംരംഭങ്ങളിലേക്കെത്തികണമെന്നും പ്രകൃതിക്ക് കോട്ടം തട്ടാതെ ഊര്‍ജ്ജാവശ്യങ്ങള്‍ നേടിയെടുക്കണമെന്നുമാണ് ഞങ്ങള്‍ ഇതിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാവിയെ കുരുതി കൊടുക്കാതെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന പാഠമാണ് വലിയ അലങ്കാരങ്ങളൊന്നുമില്ലാത്ത പൂക്കോട്ടുകാവ് മുന്നോട്ട് വെയ്ക്കുന്നതെന്നു ജയദേവന്‍ പറഞ്ഞുനിര്‍ത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com