ബോണക്കാട് : നിയന്ത്രണങ്ങളോടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ ; സഭ പ്രത്യക്ഷസമരം മാറ്റിവെച്ചു

കുരിശുമലയിലേക്ക് നിയന്ത്രിതമായ രീതിയില്‍ സന്ദര്‍ശനം അനുവദിക്കും.  സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം ലത്തീന്‍ സഭ മാറ്റിവെച്ചു
ബോണക്കാട് : നിയന്ത്രണങ്ങളോടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ ; സഭ പ്രത്യക്ഷസമരം മാറ്റിവെച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ബോണക്കാട്ടെ വനത്തിനുള്ളിലെ കുരിശുമലയില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസപാക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് വനംമന്ത്രി കെ രാജു ഇക്കാര്യം അറിയിച്ചത്. കുരിശുമലയിലേക്ക് നിയന്ത്രിതമായ രീതിയില്‍ ആളെ കയറ്റാം. പക്ഷെ മലയിലേക്ക് കുരിശ് കൊണ്ടുപോകാനോ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ അനുവാദം നല്‍കാനാകില്ലെന്നും മന്ത്രി അറിയിച്ചു. 

തീര്‍ത്ഥാടനത്തിനായി അഞ്ച് ദിവസം അനുവദിക്കും. മറ്റ് വിശേഷദിവസങ്ങളിലും വിശ്വാസികള്‍ക്ക് നിയന്ത്രണവിധേയമായി സന്ദര്‍ശനം അനുവദിക്കാമെന്നുമാണ് മന്ത്രി അറിയിച്ചത്. കോടതി വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇക്കാര്യം സഭയെ അറിയിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ രാജു പറഞ്ഞു. 

മന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ലത്തീന്‍ സഭ സര്‍ക്കാരിനെതിരെയുള്ള നിലപാട് മയപ്പെടുത്തി. സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം മാറ്റിവെച്ചു. ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും, മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂസപാക്യം അറിയിച്ചു. പ്രസ്‌നം സമാധാനപരമായി തീര്‍ക്കാനാണ് ശ്രമം. നിലവില്‍ തന്നിട്ടുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. നാളെ സെക്രട്ടേറിയറ്റിലേക്ക് വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും നടത്തുമെന്ന് പ്രഖ്യാപിച്ച ഉപവാസ സമരം വേണോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ബിഷപ്പ് സൂസപാക്യം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com