ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്. 'ക്രമക്കേട് നടത്തണമെന്ന് രൂപത അധികാരികള്‍ക്ക് ദുരുദ്ദേശം ഉണ്ടായിരുന്നില്ല'

യേശുവിനെയും സത്യത്തെയും മുന്‍നിര്‍ത്തി മുന്നോട്ടുപോയാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അതിരൂപത മുഖപത്രം
ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്. 'ക്രമക്കേട് നടത്തണമെന്ന് രൂപത അധികാരികള്‍ക്ക് ദുരുദ്ദേശം ഉണ്ടായിരുന്നില്ല'

കൊച്ചി : സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമി ഇടപാടില്‍ ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ് . ഭൂമി ഇടപാടില്‍ ഉണ്ടായത് സാങ്കേതിക പിഴവ് മാത്രമാണ്. ക്രമക്കേട് നടത്തണമെന്ന് രൂപത അധികാരികള്‍ക്ക് ദുരുദ്ദേശം ഉണ്ടായിരുന്നില്ല. ദേവികുളത്തും കോതമംഗലത്തും ഭൂമി വാങ്ങിയത് വികാരി ജനറാളിനെയും പ്രൊക്യുറേറ്ററെയും വിശ്വാസത്തിലെടുത്താണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

രണ്ട് സ്ഥലങ്ങളും വിറ്റ് പണം ലഭിച്ചില്ലെങ്കില്‍ മാത്രമേ വിവാദങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. മാധ്യമ വിചാരണക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സീറോ മലബാര്‍ സഭയുടെ സിനഡ് ഇന്ന് കൊച്ചിയില്‍ ആരംഭിക്കാനിരിക്കെയാണ് വിവാദത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് എകെസിസി രംഗത്തെത്തിയത്. 

അതേസമയം ഭൂമി വിവാദത്തെ പരാമര്‍ശിച്ച് യേശുവിനെയും സത്യത്തെയും മുന്‍നിര്‍ത്തി മുന്നോട്ടുപോകണമെന്ന് അതിരൂപത മുഖപത്രം പറയുന്നു. മുഖപത്രമായ സത്യദീപത്തില്‍ അതിരൂപത സെക്രട്ടറി എഴുതിയ ലേഖനത്തിലാണ് ഭൂമി വില്‍പ്പന വിവാദത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. വരികള്‍ക്കിടയില്‍ എന്ന കോളത്തിലാണ് വിഷയം പ്രതിപാദിച്ചിരിക്കുന്നത്. ലേഖനത്തിന്റെ അവസാനഭാഗത്താണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. 

യേശുവിനെയും സത്യത്തെയും മുന്‍നിര്‍ത്തി മുന്നോട്ടുപോയാല്‍ എറണാകുളം അങ്കമാലി രൂപതയിലും സീറോ മലബാര്‍ സഭയിലും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അത് വേഗത്തില്‍ സംജാതമാകട്ടെ എന്നാണ് ലേഖനത്തില്‍ പറയുന്നത്. 

വത്തിക്കാനില്‍ സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ പ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ച നടപടികളാണ് ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്നത്. കാര്യങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടല്ല വത്തിക്കാന്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ശ്രമിച്ചത്. രോഗം യഥാസമയം ചികില്‍സിച്ച് ഭേദമാക്കുകയും, അക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. 

വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത മാര്‍പാപ്പ, സാമ്പത്തിക സമിതികളുടെ പ്രവര്‍ത്തനം അങ്ങേയറ്റം സുതാര്യമായിരിക്കണമെന്ന് നിര്‍ദേശിച്ചു. അഴിമതിക്കെതിരെ പോരാടണമെങ്കില്‍ സഭയുടെ സാമ്പത്തിക സമിതികള്‍ സത്യസന്ധതയോടെയും കാര്യക്ഷമമായും പ്രവര്‍ത്തിക്കണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചിരുന്നതായും ലേഖനം വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com