രാഹുല്‍ഗാന്ധിയുടെ നയങ്ങള്‍ നടപ്പാക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ല ; ജനവിരുദ്ധരുമായി കൂട്ടുകെട്ടുണ്ടാക്കാനാകില്ലെന്ന് പിണറായി

രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ അടിസ്ഥാനം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നയങ്ങള്‍ ഉള്ളവരുമായി മാത്രമേ സഖ്യം സാധ്യമാകൂ.
രാഹുല്‍ഗാന്ധിയുടെ നയങ്ങള്‍ നടപ്പാക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ല ; ജനവിരുദ്ധരുമായി കൂട്ടുകെട്ടുണ്ടാക്കാനാകില്ലെന്ന് പിണറായി

കൊല്ലം :  ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതു പോലെ കോണ്‍ഗ്രസ് നയങ്ങള്‍ നടപ്പാക്കിക്കൊണ്ടുപോകാന്‍ ഇടതുപക്ഷത്തെ കിട്ടില്ല. ഇതു പറയുമ്പോള്‍ കോണ്‍ഗ്രസ് വക്താക്കളായവര്‍ക്കു പൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളന സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. 

ജനങ്ങളുടെ താല്‍പ്പര്യമാണ് ഇടതുപക്ഷത്തിന് പ്രധാനം. രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ അടിസ്ഥാനം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നയങ്ങള്‍ ഉള്ളവരുമായി മാത്രമേ സഖ്യം സാധ്യമാകൂ. കോണ്‍ഗ്രസിനു ജനവിരുദ്ധ നയങ്ങളാണുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അത് ഉപയോഗിച്ചു. ജനപക്ഷ  നിലപാടു സ്വീകരിക്കുന്ന ഇടതുപക്ഷത്തിനു ജനവിരുദ്ധരുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയില്ല.

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇടതുപക്ഷവുമായി യോജിക്കുന്ന ജനാധിപത്യ പാര്‍ട്ടികളുമായുള്ള ബന്ധം നല്ല നിലയില്‍ വളര്‍ന്നുവരുന്നുണ്ട്. അതു കൂടുതല്‍ വളരേണ്ടതുണ്ട്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനം. 

എന്നാല്‍, സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. പ്ലാനിങ് ബോര്‍ഡ് പിരിച്ചുവിട്ട് നീതി ആയോഗ് നടപ്പാക്കിയതും സംസ്ഥാനങ്ങള്‍ക്കു നികുതി ചുമത്താനുള്ള അധികാരം ജിഎസ്ടിയിലൂടെ ഇല്ലാതാക്കിയതിയും ഇതാണു കാണിക്കുന്നത്. വലതുപക്ഷ ശക്തികളുടെ കണ്ണിലെ കരടാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍. ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ വിപുലവും ശക്തവുമായ ജനമുന്നേറ്റം ഉണ്ടാകണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com