സിപിഐക്ക് ലഭിക്കുന്ന ജനകീയ പിന്തുണ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു:  സിപിഐ

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന് സിപിഐ പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു
സിപിഐക്ക് ലഭിക്കുന്ന ജനകീയ പിന്തുണ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു:  സിപിഐ

പത്തനംതിട്ട:  പിണറായി സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വീണ്ടും സിപിഐ. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന് സിപിഐ പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജനകീയ വിഷയങ്ങളില്‍ സിപിഐ നിലപാടിന് ലഭിക്കുന്ന പിന്തുണ സിപിഎമ്മിനെ അസ്വസ്ഥരാക്കുന്നു.  അതുകൊണ്ടാണ് സിപിഎം നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസം കെ എം മാണിയെ മുന്നണിയില്‍ എടുക്കാനുളള സിപിഎമ്മിന്റെ നീക്കത്തിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാന്‍ ആരും നോക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.വരാന്‍ തയ്യാറുളള എല്ലാവരെയും മുന്നണിയില്‍ എടുക്കേണ്ട കാര്യമില്ല. എന്നാല്‍ മുന്നണി വിട്ടുപോയവര്‍ തിരിച്ചുവരണമെന്നും കാനം പറഞ്ഞു. സിപിഐ ദുര്‍ബലമായാല്‍ മുന്നണി ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിനു വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരനും സിപിഎമ്മിനെ കടന്നാക്രമിച്ചിരുന്നു.മൂന്നാറിലെ ഭൂ മാഫിയയുടെ കസ്‌റ്റോഡിയന്‍ എംഎം മണിയാണ്. ഉദ്യോഗസ്ഥരെ നിരന്തരം വിമര്‍ശിക്കുന്നത് പള്ളിക്കൂടത്തില്‍ പോകാത്തവരാണ്. സിപിഎം കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നും സി കെ ശശിധരന്‍ ആരോപിച്ചു. കെ എം മാണിക്കെതിരെ പ്രതിഷേധിച്ചവര്‍ ഇപ്പോള്‍ മഹത്വവല്‍ക്കരിക്കുന്നത് ശരിയല്ല. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ മറന്നുപോകരുത്. കോടിയേരി ബാലകൃഷ്ണന്‍ എത്ര പച്ചക്കൊടി കാണിച്ചാലും കെ എം മാണി എല്‍ഡിഎഫില്‍ ഉണ്ടാകില്ലെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com