കോണ്‍ക്രീറ്റ് വീപ്പയിലെ മൃതദേഹം; ഒന്നര വര്‍ഷം മുമ്പു കാണാതായ സ്ത്രീകളെ ചുറ്റിപ്പറ്റി അന്വേഷണം; ആസൂത്രിത കൊലപാതകമെന്ന് സൂചന

കോണ്‍ക്രീറ്റ് വീപ്പയിലെ മൃതദേഹം; ഒന്നര വര്‍ഷം മുമ്പു കാണാതായ സ്ത്രീകളെ ചുറ്റിപ്പറ്റി അന്വേഷണം; ആസൂത്രിത കൊലപാതകമെന്ന് സൂചന
കോണ്‍ക്രീറ്റ് വീപ്പയിലെ മൃതദേഹം; ഒന്നര വര്‍ഷം മുമ്പു കാണാതായ സ്ത്രീകളെ ചുറ്റിപ്പറ്റി അന്വേഷണം; ആസൂത്രിത കൊലപാതകമെന്ന് സൂചന

കൊച്ചി: കൊച്ചി കായലില്‍ കോണ്‍ക്രീറ്റ് നിറച്ച വീപ്പയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ സ്ത്രീകളെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നര വര്‍ഷം മുമ്പ് കാണാതായതായി പരാതി ലഭിച്ചിട്ടുള്ള സ്ത്രീകളുടെ ബന്ധുക്കളെ കണ്ടെത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവുമെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തുമ്പു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ബന്ധുക്കളെ കണ്ടെത്തിയാല്‍ വീപ്പയില്‍നിന്നു കണ്ടെത്തിയ അരഞ്ഞാണം, തുണി എന്നിവയില്‍നിന്ന് ആളെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പിന്നീട് ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തി കൊല്ലപ്പെട്ടയാളെ ഉറപ്പിക്കാം. ഈ വഴിക്കാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 

ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൂക്ഷ്മമായി മൃതദേഹം മറവു ചെയ്തത് ഈ സൂചനയാണ് നല്‍കുന്നത്. വീപ്പയില്‍ മൃതദേഹമുണ്ടെന്ന് തിരിച്ചറിയാത്ത വിധമാണ്, കോണ്‍ക്രീറ്റ് നിറച്ചിരിക്കുന്നത്. ആദ്യം കോണ്‍ക്രീറ്റ് നിറച്ച് വീപ്പയിലേക്ക് മൃതദേഹം തല കീഴായി കുത്തിക്കയറ്റി, അതിനു ശേഷം വീണ്ടും കോണ്‍ക്രീറ്റ് നിറച്ച് അടച്ചിരിക്കുകയാണ്. മുകള്‍ ഭാഗത്ത് ഇഷ്ടിക വച്ചാണ് കോണ്‍ക്രീറ്റ് നിറച്ചിരിക്കുന്നത്. ഇത് ഭാരം കൂട്ടാനാണെന്നാണ് കരുതുന്നത്.

അസ്ഥികൂടത്തിനൊപ്പം രണ്ടു പഴയ അഞ്ഞൂറു രൂപ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നോട്ടുകള്‍ മൂന്നായി മടക്കിയ നിലയില്‍ ആയിരുന്നു. പഴ്‌സ് ഉപയോഗിക്കാത്ത സ്ത്രീകള്‍ ബ്ലൗസിനുള്ളില്‍ പണം സൂക്ഷിക്കുന്ന രീതിയിലാണ് നോട്ടുകള്‍ മടക്കിയിരിക്കുന്നത്. 

വെള്ളി അരഞ്ഞാണമാണ് വീപ്പയില്‍നിന്നു കണ്ടെത്തിയിട്ടുള്ളത്. മെലിഞ്ഞ സ്ത്രീയാണെന്നാണ് അരഞ്ഞാണത്തിന്റെ വലിപ്പത്തില്‍നിന്ന് ഊഹിക്കാവുന്നത്. 

കെട്ടിട നിര്‍മാണ സ്ഥലത്തെ കോണ്‍ക്രീറ്റ് മിശ്രിതമല്ല വീപ്പയില്‍ നിറച്ചിരിക്കുന്നത് എന്ന നിഗമനത്തിലും പൊലീസ് എത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റില്‍ ചേര്‍ത്ത മെറ്റല്‍ പല വലിപ്പത്തിലുള്ളവയാണ്. സിമന്റ് കുറവായതിനാല്‍ കോണ്‍ക്രീറ്റ് പൊടിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. പെട്ടെന്ന് തട്ടിക്കൂട്ടി കോണ്‍ക്രീറ്റ് നിറച്ചാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത് എ്ന്നാണ് പൊലിസ് കരുതുന്നത്.

ഒന്നര വര്‍ഷം മുമ്പു കാണാതായി സ്ത്രീകളുടെ വിവരം ശേഖരിച്ചു നടത്തുന്ന അന്വേഷണത്തില്‍ വേഗം തന്നെ തുമ്പു കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com