സിപിഐയ്ക്കു സ്വാഗതം, മാണി വരുന്നോ മാണി വരുന്നോ എന്ന് ആലോചിച്ചിരിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്: ഹസന്‍

സിപിഐയ്ക്കു സ്വാഗതം, മാണി വരുന്നോ മാണി വരുന്നോ എന്ന് ആലോചിച്ചിരിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്: ഹസന്‍
സിപിഐയ്ക്കു സ്വാഗതം, മാണി വരുന്നോ മാണി വരുന്നോ എന്ന് ആലോചിച്ചിരിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്: ഹസന്‍

തിരുവനന്തപുരം: യുഡിഎഫിലേക്കു വരാന്‍ സിപിഐ തയാറായാല്‍ 'പോസിറ്റിവ്' ആയി പ്രതികരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. 1967 ല്‍ സിപിഐ സപ്തകക്ഷി മുന്നണി വിടാനിടയായ സാഹചര്യമാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്. അത്തരമൊരു തീരുമാനത്തിലേക്കു സിപിഐ എത്തിയാല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുമെന്ന് എംഎം ഹസന്‍ വ്യക്തമാക്കി. മലയാള മനോരമയുമായുള്ള അഭിമുഖത്തിലാണ് ഹസന്‍ നിലപാട് അറിയിച്ചത്.

ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ളവരുമായി ചേരണമെന്ന യാഥാര്‍ഥ്യ ബോധമുള്ള സമീപനമാണ് സിപിഐയുടേത്. 2019ലെ തെരഞ്ഞെടുപ്പിനു മുമ്പായി ദേശീയ തലത്തില്‍ അവര്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാല്‍ ഇവിടെയും അതിനു വിലക്കുണ്ടാവില്ല. സിപിഐയെ പരമാവധി ഇകഴ്ത്തിക്കാട്ടുന്ന നിലപാടാണ് സിപിഎമ്മിന്റേത്. എല്‍ഡിഎഫില്‍ അവരെ ഭൃത്യന്മാരെപ്പോലെയാണ് കാണുന്നത്. സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ചേര്‍ന്നുള്ള സര്‍ക്കാര്‍ കേരളത്തിലെ ഏറ്റവും നല്ല സര്‍്ക്കാരുകളില്‍ ഒന്നായിരുന്നുവെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

കെഎം മാണിയെ യുഡിഎഫിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അവരെ യുഡിഎഫ് പുറത്താക്കിയതല്ല. തിരിച്ചുവരാന്‍ ഒരു തടസവുമില്ലെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും മാണി വരുന്നോ മാണി വരുന്നോയെന്നു ആലോചിച്ചിരിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഹസന്‍ പറഞ്ഞു.

മാണി സിപിഎമ്മിനൊപ്പം പോകുമെന്ന്  കരുതുന്നില്ല. അങ്ങനെ പോയാലും ആ പാര്‍ട്ടി ഒന്നടങ്കം പോവില്ല. ആദര്‍ശപരമായി നിലപാടെടുക്കുന്നവര്‍ ആ പാര്‍ട്ടിയിലുണ്ടെന്നാണ് മനസിലാക്കുന്നത്.

ബിജെപിയുമായുള്ള ബന്ധം വിടര്‍ത്തി വന്നാല്‍ ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. ജനാധിപത്യ ശക്തികളുമായി യോജിക്കാന്‍ അവര്‍ തയാറായാലാണിത്. 

എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ പ്രസ്താവന തെറ്റെന്നു പാര്‍ട്ടി വ്യക്തമാക്കികഴിഞ്ഞു. അതു തന്നെയാണ് ബല്‍റാമിനെതിരെയുള്ള നടപടിയെന്ന് ഹസന്‍ അഭിമുഖത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com