കൊച്ചിയിലെ 'തീരന്‍' മോഡല്‍ കവര്‍ച്ച: മൂന്നുപേര്‍ പിടിയില്‍ 

വീട്ടുകാരെ ബന്ദിയാക്കി എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവര്‍ച്ചകളിലാണ് അറസ്റ്റ്
കൊച്ചിയിലെ 'തീരന്‍' മോഡല്‍ കവര്‍ച്ച: മൂന്നുപേര്‍ പിടിയില്‍ 

കൊച്ചി: നഗരത്തെ വിറപ്പിച്ച തുടര്‍ കവര്‍ച്ചക്കേസുകളില്‍ മൂന്നുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ റോണി, അര്‍ഷാദ്, ഷേക്‌സാദ് എന്നിവരെയാണു കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്. ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും. വീട്ടുകാരെ ബന്ദിയാക്കി എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവര്‍ച്ചകളിലാണ് അറസ്റ്റ്. 

എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടില്‍ ഇ.കെ. ഇസ്മയിലിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് പുലര്‍ച്ചെയും തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ പിറ്റേന്നുമാണ് മോഷണം നടന്നത്. പുല്ലേപ്പടിയില്‍നിന്ന് ഗൃഹനാഥയുടെ മാലയും വളയുമടക്കം അഞ്ചുപവന്‍ സ്വര്‍ണം മോഷണം പോയപ്പോള്‍, തൃപ്പൂണിത്തുറയില്‍നിന്ന് 54 പവനും 20,000 രൂപയും മൊബൈല്‍ ഫോണുകളും മോഷണം പോയി.

മോഷണത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഇവിടേക്കു കൂടി വ്യാപിപ്പിച്ചത്. അന്വേഷണമാരംഭിച്ചതിനു പിന്നാലെ കവര്‍ച്ച സംഘമെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ നഗരത്തിലെ തിയറ്ററില്‍നിന്ന് പൊലീസിന് ലഭിച്ചിരുന്നു.

വീട്ടുകാരെ ആക്രമിച്ച് പണം തട്ടുന്ന കൊള്ളസംഘത്തിന്റെ കഥ പറയുന്ന തീരന്‍ എന്ന തമിഴ് ചിത്രം റിലാസായതിന് തൊട്ടുപിന്നാലെയാണ് കെട്ടിയിട്ട് കവര്‍ച്ച നടന്നത്. സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താന്‍ ഇത് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com