ബല്‍റാമിനെ പിന്തുണച്ചതിനു പിന്നാലെ പൂട്ടിയ സിവിക്കിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മൂന്നാം ദിനം തിരിച്ചെത്തി

ബല്‍റാമിനെ പിന്തുണച്ചതിനു പിന്നാലെ പൂട്ടിയ സിവിക്കിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മൂന്നാം ദിനം തിരിച്ചെത്തി
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

കോഴിക്കോട്: എകെജി വിവാദത്തില്‍ വിടി ബല്‍റാം എംഎല്‍എയെ അനുകൂലിച്ച് പോസ്റ്റിട്ടതിനു പിന്നാലെ പൂട്ടിയ സിവിക് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മൂന്നാം ദിനം തിരിച്ചെത്തി. ഈ മാസം 14 വരെ അക്കൗണ്ട് മരവിപ്പിച്ചതായി ഫെയ്‌സ്ബുക്ക് അറിയിച്ചെന്നായിരുന്നു സിവിക് നേരത്തെ വ്യക്തമാക്കിയത്. സിപിഎം അനുഭാവികള്‍ മാസ് റിപ്പോര്‍ട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സഹികെട്ടാവണം വി ടി ബലറാം എ കെ ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയതെന്നായിരുന്നു സിവിക് ചന്ദ്രന്റെ വിവാദ പോസ്റ്റ്. ഉമ്മന്‍ ചാണ്ടി മുതല്‍ എം കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം ,ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയമാണ് എന്നും സിവിക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് ലഭ്യമല്ലാതായത്. സിവിക്കിന്റെ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്ന് സിവിക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ലൈംഗികരാജകത്വം / അവിഹിതം/പ്രകൃതി വിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഏറെ. അഞ്ച് സെന്റ് എന്ന മലയാറ്റൂര്‍ നോവലിലെ നായകന്‍ ആരെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ. ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാല്‍ മാര്‍ക്‌സിന്റെ ജീവിതത്തില്‍ തന്നെയുണ്ട് .

എ കെ ജി കേരളത്തിന്റെ പ്രിയ ജനനായകന്‍ തന്നെ. ടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ട സന്തോഷത്തില്‍ മരിക്കാന്‍ ഭാഗ്യമുണ്ടായ പ്രതിപക്ഷ നേതാവ് .പക്ഷെ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫത്വ വിലപ്പോവില്ല .ബലറാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരെ കേസെടുത്തോളു. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങള്‍ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം .എം എല്‍ എ ആയതിനാല്‍ ആട് കോഴി വിതരണത്തേയും റോഡ് പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുതെന്നും സിവിക് ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു.

സാംസ്‌കാരിക രംഗത്തെ ഗോപാലസേനയെന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ ആക്രമണം നടത്തിയവരെ സിവിക് വിശേഷിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com