മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് വിമാനക്കമ്പനി ആവശ്യപ്പെട്ടത് 13 ലക്ഷം രൂപ ; എട്ടുലക്ഷമാക്കിയത് വിലപേശി : റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

ചിപ്‌സന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്
മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് വിമാനക്കമ്പനി ആവശ്യപ്പെട്ടത് 13 ലക്ഷം രൂപ ; എട്ടുലക്ഷമാക്കിയത് വിലപേശി : റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രക്ക് വേണ്ടിയുള്ള ഹെലികോപ്റ്ററിന് വാടകയായി വിമാനക്കമ്പനി ആവശ്യപ്പെട്ടത് 13 ലക്ഷം രൂപ. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ചിപ്‌സന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. എന്നാല്‍ വിലപേശലിലൂടെയാണ് വാടക എട്ടുലക്ഷമാക്കി കുറച്ചത്. ഹെലികോപ്റ്റര്‍ വാടക സംബന്ധിച്ച് റവന്യൂസെക്രട്ടറി പിഎച്ച് കുര്യന്‍ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് സംബന്ധിച്ച കാര്യങ്ങളില്‍ പങ്കില്ലെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാദം തെറ്റാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ചിപ്‌സണ്‍ ഏവിയേഷന്‍ കമ്പനിക്ക് എട്ടുലക്ഷം രൂപ വാടക ഇനത്തില്‍ പണം നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം ഉത്തരവില്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. 06-01-2018 തീയതിയിലാണ് റവന്യൂ സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടുള്ളത്. 

സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചെന്നും , എട്ടുലക്ഷം രൂപ സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കമ്പനിക്ക് നല്‍കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടറോട് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. അതേസമയം വിമാനക്കമ്പനി ആവശ്യപ്പെട്ട 13 ലക്ഷം രൂപ ആരാണ് വിലപേശി എട്ടുലക്ഷം രൂപ ആക്കിയതെന്ന കാര്യം ഉത്തരവില്‍ വ്യക്തമല്ല. 

റവന്യൂസെക്രട്ടറി പിഎച്ച് കുര്യന്‍ ഇറക്കിയ ഉത്തരവ്‌
റവന്യൂസെക്രട്ടറി പിഎച്ച് കുര്യന്‍ ഇറക്കിയ ഉത്തരവ്‌

ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍ വാടക അനുവദിച്ച കാര്യം അറിയില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അയച്ചുകൊടുത്തയായി റവന്യൂ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അതേസമയം ഇത്തരം ഒരു ഉത്തരവ് ഇറങ്ങിയത് തന്റെ അറിവോടെയല്ലെന്ന് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. 

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി 2017 ഡിസംബര്‍ 26 ന് തൃശൂരിലെ സിപിഎം ജില്ലാ സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തെത്തിയതും, ഇവിടെ നിന്ന് തിരിച്ച് തൃശൂരിലേക്ക് പോയതുമാണ് വിവാദമായത്. തൃശൂര്‍ നാട്ടിക കോട്ടണ്‍മില്‍ ഹെലിപാഡില്‍ നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ഹെലികോപ്റ്റര്‍ യാത്രക്ക് എട്ടുലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും വകമാറ്റിയത്. സംഭവം വിവാദമായതോടെ, ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍, പണം പൊതുഭരണ വകുപ്പില്‍ നിന്ന് തിരിച്ചടക്കാനുള്ള നീക്കത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com