മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര : പൊലീസിന് പങ്കില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തത്
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര : പൊലീസിന് പങ്കില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുത്ത് ഹെലികോപ്റ്റര്‍ യാത്ര നടത്തിയെന്ന വിവാദത്തില്‍ പൊലീസിന് പങ്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. മറ്റ് കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

തൃശൂരിലെ പാര്‍ട്ടിസമ്മേളന വേദിയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കും മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും എട്ടുലക്ഷം രൂപ എടുത്തായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ, ഹെലിക്കോപ്റ്റര്‍ യാത്രയുടെ ചിലവ് ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഇടാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. 

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും വിഷയത്തില്‍ ഇടപെട്ടാണ് ഉത്തരവ് പിന്‍വലിപ്പിച്ചത്.  റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് ഉത്തരവ് പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കി. അതേസമയം തന്റെ അറിവോടെ അല്ല ഉത്തരവ് ഇറങ്ങിയതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com