മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ദുരിതാശ്വാസ ഫണ്ട് : റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി

ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ദുരിതാശ്വാസ ഫണ്ട് : റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം അനുവദിച്ച സംഭവത്തില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യനോട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരണം തേടി. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഏത് സാഹചര്യത്തിലാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ഫണ്ട് അനുവദിച്ചത് വകുപ്പിന്റെ ചുമതലയുള്ള താന്‍ അറിയാതെയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മന്ത്രി അറിയാതെ അടിയന്തര സാഹചര്യങ്ങളില്‍ നിശ്ചിത തുക വരെ പിന്‍വലിക്കാമെങ്കിലും, അതിനുള്ള നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളിലടക്കം സെക്രട്ടറി വിശദീകരണം നല്‍കേണ്ടി വരും. 

നേരത്തെ തന്നെ റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനും മന്ത്രി ഇ ചന്ദ്രശേഖരനും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. തോമസ് ചാണ്ടി, കൊട്ടക്കമ്പൂര്‍ വിഷയങ്ങളിലെല്ലാം മന്ത്രിയുടെ നിലപാടിന് വിരുദ്ധമായാണ് കുര്യന്‍ നിലപാടെടുത്തിരുന്നത്. ഇതേത്തുടര്‍ന്ന് രണ്ടുമൂന്നു തവണ റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന് ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്രട്ടറിയെ മാറ്റാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയിരുന്നില്ല.

റവന്യൂ സെക്രട്ടറിയുടെ നടപടിയില്‍ സിപിഐയും അതൃപ്തരാണ്. റവന്യൂമന്ത്രിയോട് ആലോചിക്കാതെ സെക്രട്ടറി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നുവെന്നാണ് സിപിഐക്കുള്ള ആക്ഷേപം. അതേസമയം ഓഖി ഫണ്ടില്‍ നിന്നും പണം അനുവദിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിനെ യഥാസമയം അറിയിച്ചിരുന്നുവെന്നാണ് റവന്യൂസെക്രട്ടറിയുടെ നിലപാട്. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് പണം അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സെക്രട്ടറി പറയുന്നു. അതേസമയം യാത്രയില്‍ പൊലീസിന് പങ്കില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com