സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; ഹെലികോപ്റ്റര്‍ യാത്രാ വിവാദം ചര്‍ച്ചയാകും

പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ഹെലികോപ്റ്റര്‍ യാത്രക്ക് ചെലവായ തുക നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; ഹെലികോപ്റ്റര്‍ യാത്രാ വിവാദം ചര്‍ച്ചയാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാ വിവാദം കത്തി നില്‍ക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി സമ്മേളനങ്ങളുടെ പുരോഗതി അവലോകനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. അതേസമയം സമ്മേളനങ്ങള്‍ നടക്കുന്ന കാലയളവിലും ഒന്നിനു പിറകേ മറ്റൊന്നായി വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ നേതൃത്വത്തില്‍ അതൃപ്തി ഉണ്ട്. ഹെലികോപ്റ്റര്‍ യാത്രാ വിവാദം യോഗത്തില്‍ ചര്‍ച്ചയാകും. 

വിഷയത്തില്‍ മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനും ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. ഹെലികോപ്റ്റര്‍ യാത്രക്ക് ചെലവായ തുക പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകും. ഹെലികോപ്റ്റര്‍ യാത്രക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാന്‍ പാര്‍ട്ടിക്ക് കഴിവുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. 

ദുരിതാശ്വാസഫണ്ടില്‍ നിന്നാണ് പണം ചെലവഴിച്ചതെന്ന് മനസ്സിലായപ്പോള്‍ തന്നെ തിരുത്തിയിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ചെലവ് പൊതുഫണ്ടില്‍ നിന്ന് നല്‍കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്തതില്‍ തെറ്റൊന്നുമില്ല. ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

വിഭാഗീയത അടക്കം കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കുന്നത് ഇതില്‍ നേതൃത്വം തൃപ്തരാണ്. തിരുവനന്തപുരം , ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ അടക്കം ഇനി നടക്കാനുള്ള ജില്ല സമ്മേളനങ്ങളുടെ ക്രമീകരണങ്ങളും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com