ജനാധിപത്യം ദൂരെ നിന്ന് തൊഴാനുള്ള ശ്രീകോവിലല്ല ; സാമൂഹിക മാറ്റത്തിനു വേണ്ടി ഇടപെടേണ്ട പ്രവൃത്തി മണ്ഡലമെന്ന് മുഖ്യമന്ത്രി, ലോകകേരള സഭയ്ക്ക് തുടക്കം 

പ്രവാസികളുടെ കഴിവ് നാടിന് പ്രയോജനപ്പെടുത്താന്‍ സംവിധാനമില്ല.  കിഫ്ബിയെ പ്രവാസി നിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കണം.
ജനാധിപത്യം ദൂരെ നിന്ന് തൊഴാനുള്ള ശ്രീകോവിലല്ല ; സാമൂഹിക മാറ്റത്തിനു വേണ്ടി ഇടപെടേണ്ട പ്രവൃത്തി മണ്ഡലമെന്ന് മുഖ്യമന്ത്രി, ലോകകേരള സഭയ്ക്ക് തുടക്കം 

തിരുവനന്തപുരം : ജനാധിപത്യമെന്നാല്‍ ദൂരെ നിന്ന് ആരാധനയോടെ  നോക്കി തൊഴാനുള്ള ശ്രീകോവിലല്ല, മറിച്ച് അകമേ കടന്നു ചെന്ന് സാമൂഹിക മാറ്റത്തിനു വേണ്ടി ഇടപെടേണ്ട പ്രവൃത്തി മണ്ഡലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകേരള സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിന് അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോകകേരള സഭയ്ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.  

പ്രവാസികളുടെ കഴിവ് നാടിന് പ്രയോജനപ്പെടുത്താന്‍ സംവിധാനമില്ല. ആ പോരായമ പരിഹരിക്കപ്പെടണം. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കുന്നില്ല. കിഫ്ബിയെ പ്രവാസി നിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കണം. കേരളത്തിലെ മാറിയ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. വിശ്വാസ്യതയും കാര്യക്ഷമതയുമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

എകെജിയെയും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു. പുറത്തെ പോരാട്ടങ്ങളുടെ  മനോ വികാരങ്ങള്‍ അലയടിക്കേണ്ട ഇടമാണ് പാര്‍ലമെന്റ് എന്നായിരുന്നു എകെജിയുടെ നിലപാട്. മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴങ്ങേണ്ട ഇടമല്ലായിരുന്നു. എ കെ ജി കാട്ടിയ വഴിയിലൂടെയാണ് പാര്‍ലമെന്റ് സഞ്ചരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നേരത്തെ സീറ്റ് ക്രമീകരിച്ചതിലെ അപാകതയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീര്‍ ഇറങ്ങിപ്പോയിരുന്നു. സീറ്റ് പിന്‍നിരയില്‍ ആയതിലായിരുന്നു മുനീറിന്റെ പ്രതിഷേധം. മുന്‍നിരയില്‍ സീറ്റ് ഏര്‍പ്പാടാക്കിയതോടെ മുനീര്‍ സമ്മേളനത്തിലേക്ക് തിരിച്ചെത്തി. 

351 അംഗങ്ങളാണ് ലോക കേരള സഭയില്‍ പങ്കെടുക്കുക. സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാരും എംപിമാരും അംഗങ്ങളാണ്. 174 ജനപ്രതിനിധികളില്‍ കേരളത്തിലെ മുഴുവന്‍ ലോക്‌സഭാ, രാജ്യസഭാ എംപിമാരും രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗമായ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഉള്‍പ്പെടുന്നു. കേരളത്തിന്റെ വികസനത്തിനും പൊതു നന്മക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുക ലക്ഷ്യമിട്ടാണ് ലോകകേരള സഭ സംഘടിപ്പിക്കുന്നത്. 

ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മേഖലാസമ്മേളനങ്ങള്‍. ധനകാര്യം, വ്യവസായം, വിവരസാങ്കേതികവിദ്യ, നവ സാങ്കേതിക വിദ്യ, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, കൃഷി അനുബന്ധമേഖലകള്‍, സ്ത്രീകളും പ്രവാസവും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സംവാദം, ഓപ്പണ്‍ഫോറം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ചടങ്ങില്‍ അധ്യക്ഷനാകും.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, യേശുദാസ്, എം.എസ്. സ്വാമിനാഥന്‍, ടി.ജെ.എസ്. ജോര്‍ജ്, ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍, സച്ചിദാനന്ദന്‍, എം.എ. യൂസഫലി, എം. മുകുന്ദന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി, ശശികുമാര്‍, ശോഭന തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com