തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം ; മലപ്പുറം പോത്തുകല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു

ഇടുക്കിയിലെ മുനിയറ സൗത്ത് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്
തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം ; മലപ്പുറം പോത്തുകല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു


തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. മലപ്പുറം ജില്ലയിലെ പോത്തുകല്‍ പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡ് യുഡിഎഫിന്റെ പക്കല്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. വിജയത്തോടെ, ഇടതുമുന്നണി പഞ്ചായത്ത് ഭരണം കരസ്ഥമാക്കി. ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രജനി യുഡിഎഫിലെ അനു സ്മിതയെ 88 വോട്ടിന് തോല്‍പ്പിച്ചു. നഷ്ടപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഒന്‍പതു സീറ്റായി. യുഡിഎഫിന് എട്ടുസീറ്റായി ചുരുങ്ങി. 

കോട്ടയം വാകത്താനം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. വാകത്താനത്ത് ഇടതു സ്ഥാനാര്‍ഥി അരുണിമ പ്രദീപ് 273 വോട്ടുകള്‍ക്കു വിജയിച്ചു. അരുണിമ 671 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ സി.കെ. ചെല്ലപ്പന് 398 വോട്ടുകളേ ലഭിച്ചുള്ളൂ. 

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ മുനിയറ സൗത്ത് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി രമ്യ റെനീഷ് 148 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തോല്‍വിയോടെ പഞ്ചായത്തില്‍ ബിജെപിക്ക് പ്രാതിനിധ്യം നഷ്ടമായി.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാബു കളപ്പുര, എന്‍ഡിഎയിലെ സിജു ബൈജു എന്നിവരാണു മത്സര രംഗത്തുണ്ടായിരുന്നത്. 

എറണാകുളം ജില്ലയിലെ ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡും ഇടതുപക്ഷം പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ബേബിജോണാണ് വിജയിച്ചത്. യുഡിഎഫിലെ മിനി മില്‍ട്ടനെ 207 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ യുഡിഎഫ് റിബലായിരുന്നു ഇവിടെ വിജയിച്ചത്. പാലക്കാട് വടക്കാഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാര്‍ഡില്‍ സിപിഎമ്മിലെ രുഗ്മിണി ഗോപി വിജയിച്ചു. കോണ്‍ഗ്രസിലെ നിഷാ രവീന്ദ്രനെയാണ് തോല്‍പ്പിച്ചത്. 

കാസര്‍കോട് ജില്ലയിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിച്ചു. സിപിഎമ്മിന്റെ എച്ച്. ശങ്കരന്‍ 1626 വോട്ടിനാണ് ജയിച്ചത്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിലെ എ ഷിബാന വിജയിച്ചു. യുഡിഎഫിലെ സോഫിയ ബീവിയെയാണ് പരാജയപ്പെടുത്തിയത്. 

കൊല്ലം പടിഞ്ഞാറെ കല്ലട വിളന്തറ വാര്‍ഡില്‍ സിപിഎമ്മിലെ പി ജയശ്രീ വിജയിച്ചു. കൊറ്റങ്കര പഞ്ചായത്തിലെ മാങ്കുഴ വാര്‍ഡില്‍ സിപിഎമ്മിലെ പി കെ വിജയന്‍പിള്ളയും വിജയിച്ചു. ആര്യങ്കോട് പഞ്ചായത്തിലെ മൈലച്ചല്‍ വാര്‍ഡില്‍ യുഡിഎഫിലെ വീരേന്ദ്രകുമാര്‍ വിജയിച്ചു. നെടുവത്തൂര്‍ തെക്കുംപുറം വാര്‍ഡില്‍ യുഡിഎഫിലെ ഓമന സുധാകരന്‍ വിജയിച്ചു. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ ഒന്നാംവാര്‍ഡില്‍ യുഡിഎഫിലെ പി അത്തീഖയും, എടയൂര്‍ പഞ്ചായത്തിലെ തിണ്ടിലത്ത് യുഡിഎഫിലെ കെ കെ മോഹനകൃഷ്ണനും വിജയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com