ഉത്തര കൊറിയയുടെ പ്രതിരോധം നിലനില്‍പ്പിന്; ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു: കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്
ഉത്തര കൊറിയയുടെ പ്രതിരോധം നിലനില്‍പ്പിന്; ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു: കോടിയേരി

കായംകുളം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്ത് സൈനികശേഷി വര്‍ധിപ്പിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. ചൈനയ്‌ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാല്‍ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കി. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഒരുങ്ങുന്നു. ചൈനയ്‌ക്കെതിരെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അച്ചുതണ്ട് രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടല്‍ വര്‍ധിച്ചു വരികയാണ്. 

തെക്കന്‍ കൊറിയയെ ആയുധവല്‍ക്കരിച്ച് ഉത്തര കൊറിയയെ ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമം. ഇതിനെ പ്രതിരോധിക്കാനുള്ള ബാധ്യത ഉത്തര കൊറിയയ്ക്കുണ്ട്. പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക വളര്‍ച്ച നേടാനുള്ള ശ്രമത്തെ സൈനിക കേന്ദ്രീകരണം നടത്തി അമേരിക്ക എതിര്‍ക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് വടക്കന്‍ കൊറിയ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണു ക്ഷേമ പദ്ധതികള്‍ക്കുള്ള പണം അവര്‍ സൈനിക വികസനത്തിന് വിനിയോഗിക്കുന്നത്. 

നേരത്തെ, മികച്ച രീതിയില്‍ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് അഭിപ്രായപ്പെട്ടിരുന്നു. കിം ജോങ് ഉന്നിന്റെ ചിത്രം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പാര്‍ട്ടി സമ്മേളന പ്രചാരണ ബോര്‍ഡുകളില്‍ ഇടം പിടിച്ചത് വിവാദമായിരുന്നു. തുടര്‍ന്നായിരുന്നു പിണറായിയുടെ ന്യായീകരണം. സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകള്‍ പൊതുവെ ആളുകള്‍ ആഗ്രഹിക്കുന്ന തരത്തിലാകുന്നില്ല. ഇക്കാര്യത്തില്‍ കുറെക്കൂടി നല്ല സമീപനം ഇപ്പോള്‍ ഉയര്‍ന്നുവന്നുിട്ടുണ്ട്. ഉത്തര കൊറിയ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെ നല്ല രീതിയില്‍ ചെറുത്തുനില്‍ക്കാന്‍ ഉത്തര കൊറിയയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com