എംഎം മണിയുടേത് 'രവീന്ദ്രന്‍ പട്ടയം'; വ്യാജമെന്നു പറയാന്‍ വനം വകുപ്പിന് ധൈര്യമുണ്ടോയെന്ന് എംഐ രവീന്ദ്രന്‍

എംഎം മണിയുടേത് 'രവീന്ദ്രന്‍ പട്ടയം'; വ്യാജമെന്നു പറയാന്‍ വനം വകുപ്പിന് ധൈര്യമുണ്ടോയെന്ന് എംഐ രവീന്ദ്രന്‍
എംഎം മണിയുടേത് 'രവീന്ദ്രന്‍ പട്ടയം'; വ്യാജമെന്നു പറയാന്‍ വനം വകുപ്പിന് ധൈര്യമുണ്ടോയെന്ന് എംഐ രവീന്ദ്രന്‍

കൊച്ചി: ഇടുക്കി ജില്ലയില്‍ താന്‍ നല്‍കിയ പട്ടയങ്ങള്‍ വ്യാജമാണെങ്കില്‍ മന്ത്രി എംഎം മണിയുടെ പട്ടയവും വ്യാജമാണെന്ന്, 'രവീന്ദ്രന്‍ പട്ടയ'ത്തിലൂടെ പ്രസിദ്ധനായ ദേവികുളം മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍ എംഐ രവീന്ദ്രന്‍. താന്‍ നല്‍കിയ പട്ടയങ്ങള്‍ വ്യാജമല്ലെന്ന് ഉറപ്പുണ്ടെന്ന് രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എംഎം മണിക്ക് പട്ടയം നല്‍കിയത് താനാണ്. മണിയുടെ പട്ടയങ്ങള്‍ വ്യാജമാണെന്നു പറാന്‍ വനംവകുപ്പിനു ധൈര്യമുണ്ടോയെന്ന് രവീന്ദ്രന്‍ ചോദിച്ചു. 

ദേവികുളം താലൂക്കില്‍ കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകള്‍ ഉള്‍പ്പെടെ ഒന്‍പതു വില്ലേജുകളിലായി 530 പട്ടയങ്ങളാണ് താന്‍ നല്‍കിയിട്ടുള്ളത്. ഇവ വ്യാജമല്ലെന്നു തനിക്കുറപ്പുണ്ട്. അന്നത്തെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വിതരണം ചെയ്ത പട്ടയങ്ങള്‍ വ്യാജമാണെന്നും റദ്ദ് ചെയ്യണമെന്നുമുള്ള വനം വകുപ്പിന്റെ നിര്‍ദേശത്തിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്ന് രവീന്ദ്രന്‍ ആരോപിച്ചു.

സര്‍ക്കാര്‍ 2007ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നീലക്കുറിഞ്ഞി ഉദ്യാനം പരിപാലിക്കപ്പെടുമ്പോള്‍ നിലവില്‍ പട്ടയങ്ങള്‍ വിതരണം ചെയ്ത ഭൂമി ഒഴിവാക്കണമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് കൊട്ടക്കമ്പൂരിലെ പട്ടയങ്ങള്‍ വ്യാജമാണെന്ന് വനംവകുപ്പ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സ്ഥലം ഏറ്റെടുക്കാനൊരുങ്ങുന്നത്- രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കൊട്ടക്കമ്പൂര്‍, വട്ടവട എന്നിവിടങ്ങളില്‍ ഉള്ളതിനേക്കാളധികം കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളാണ് മീശപ്പുലിമല, ചെക്രമുടി, രാജമല, കൊരണ്ടിക്കാട് എന്നിവ. ഇവിടം ജനവാസ കേന്ദ്രങ്ങളല്ല. ഈ പ്രദേശങ്ങള്‍ സംരക്ഷണ കേന്ദ്രങ്ങളായി പ്രഖ്യാപിക്കാതെ കൊട്ടക്കമ്പൂര്‍ തെരഞ്ഞെടുത്തതിനു പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്ന് രവീന്ദ്രന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com