കെ.മുരളീധരന്‍ സഭയില്‍ വന്നിരുന്നെങ്കില്‍ തെറ്റിദ്ധാരണ മാറിയേനേ; ലോക കേരളസഭ കൊണ്ട് എന്ത് നേടിയെന്ന ചോദ്യത്തിന് മറുപടിയുമായി തോമസ് ഐസക്

കെ.മുരളീധരന്‍ സഭയില്‍ വന്നിരുന്നെങ്കില്‍ തെറ്റിദ്ധാരണ മാറിയേനേ; ലോക കേരളസഭ കൊണ്ട് എന്ത് നേടിയെന്ന ചോദ്യത്തിന് മറുപടിയുമായി തോമസ് ഐസക്

എംഎല്‍എ എന്ന നിലയില്‍ ലോക കേരളസഭയില്‍ പങ്കെടുത്തിരുന്നെങ്കില്‍ കെ.മുരളീധരന്റെ തെറ്റിദ്ധാരണകള്‍ മാറിയേനെയെന്ന് ധനമന്ത്രി തോമസ് ഐസക്. 

എംഎല്‍എ എന്ന നിലയില്‍ ലോക കേരളസഭയില്‍ പങ്കെടുത്തിരുന്നെങ്കില്‍ കെ.മുരളീധരന്റെ തെറ്റിദ്ധാരണകള്‍ മാറിയേനെയെന്ന് ധനമന്ത്രി തോമസ് ഐസക്. ലോകകേരള സഭ പണം കളായനുള്ള മാമാങ്കമാണെന്നും അതുകൊണ്ട് എന്ത് നേടിയെന്നുമുള്ള മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലോകകേരള സഭയുടെ നേട്ടങ്ങള്‍ വിശദീകരിച്ച് ഐസക് രംഗതത് വന്നത്. 

നമ്മള്‍ നിയസഭാ സാമാജികരും വിവിധ നാടുകളിലെ പ്രവാസി പ്രതിനിധികളും അടങ്ങുന്ന ഒരു സഭ ഔപചാരികമായി സമ്മേളിച്ച് പ്രവാസി ലോകം ഇന്ന് നേരിടുന്ന സാമൂഹ്യവും സാമ്പത്തീകവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഇത്തരമൊന്ന് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ഇതൊരു സ്ഥിരം സംവിധാനവും ആവുകയാണ്. ഇത്തവണത്തെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ സഭയുടെ ഭാവിയെ കുറിച്ചു ആര്‍ക്കും സംശയം ഉണ്ടാവുകയില്ല . ഏതായാലും മുഖ്യമന്ത്രി പ്രസ്താവിച്ച പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ കൂടി ഒന്ന് കണ്ണോടിച്ചാല്‍ ഈ സഭയുടെ ചര്‍ച്ചകള്‍ വഴി രൂപം കൊള്ളുന്ന പുതു കാല്‍വെയ്പ്പുകള്‍ എന്തെന്ന് മനസ്സിലാവും,അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഐസക് വിശദീകരിക്കുന്നത് ഇങ്ങനെ:
 

1. വിദേശത്തുള്ള പ്രവാസി വ്യവസായവാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കും. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാവും ഇത്. ഇവരും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായവാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കും.

2. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. അതുവഴി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യം.

3. വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങള്‍. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രൊഫഷണലുകളെ ഏല്‍പ്പിക്കും.

4. കേരള വികസന നിധി രൂപീകരിക്കും. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നാട്ടില്‍ ഒരു തൊഴില്‍ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഈ സംരംഭം ഈ രംഗത്തെ പുതുമയുള്ള കാല്‍വെയ്പ്പായിരിക്കും.

5. പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍. സംരംഭകരാകാന്‍ തയ്യാറാകുന്നവരുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനുമുമ്പ് തന്നെ ആശയവിനിമയം നടത്തുവാന്‍ ഒരു ഏജന്‍സി സ്ഥാപിക്കും. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും ലഭ്യമാക്കും.

6. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്‌കീം ഉണ്ടാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com