'തലകീഴായി കെട്ടിത്തൂക്കി, ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി' ; അമ്മയെ കൊന്ന് കത്തിച്ച കേസിലെ പ്രതി അക്ഷയ് പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് ജയില്‍ ഡിജിപി 

മര്‍ദനത്തിന് നേതൃത്വം നല്‍കിയ സിഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജയില്‍ മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി
'തലകീഴായി കെട്ടിത്തൂക്കി, ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി' ; അമ്മയെ കൊന്ന് കത്തിച്ച കേസിലെ പ്രതി അക്ഷയ് പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് ജയില്‍ ഡിജിപി 

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ അറസ്റ്റിലായ മകന്‍ അക്ഷയിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടെ ഒരു ദിവസം മുഴുവന്‍ ക്രൂരമായി മര്‍ദിച്ചു. പല തവണ തലകീഴായി കെട്ടിത്തൂക്കി കയ്യിലും കാലിലും മര്‍ദ്ദിച്ചു. ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റിയതായും ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 

തെളിവെടുപ്പിനായി പേരൂര്‍ക്കട സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് ക്രൂരമര്‍ദ്ദനമുറകള്‍ അരങ്ങേറിയത്. മര്‍ദ്ദനമേറ്റ പാടുകള്‍ സ്‌പ്രേഉപയോഗിച്ച് മറച്ചാണ് തെളിവെടുപ്പിന് കൊണ്ടുപോയതെന്നും അക്ഷയ് മൊഴി നല്‍കി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജയില്‍ ഡോക്ടറെക്കൊണ്ട് പരിശോധിച്ചപ്പോള്‍ മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടും സഹിതമാണ്, മര്‍ദനത്തിന് നേതൃത്വം നല്‍കിയ സിഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ജയില്‍ മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. 

ഈ മാസം ഒന്നു മുതല്‍ ആറുവരെയാണ് തെളിവെടുപ്പിനായി അക്ഷയിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ആറാം തീയതി ഉച്ചയോടെ അക്ഷയിനെ തിരികെ ജയിലിലെത്തിച്ചു. പിറ്റേദിവസം ജയിലില്‍ ശ്രീലേഖ സന്ദര്‍ശനം നടത്തിയപ്പോള്‍, മറ്റ് തടവുകാരെല്ലാം എഴുന്നേറ്റുനിന്നു. എന്നാല്‍ അക്ഷയിന് എഴുന്നേല്‍ക്കാന്‍ പോലും ആകാത്ത സ്ഥിതിയായിരുന്നു. ഇതു കണ്ട് ജയില്‍ ഡിജിപി കാര്യം തിരക്കിയപ്പോഴാണ് ചോദ്യം ചെയ്യലിനിടെ ഏല്‍ക്കേണ്ടി വന്ന ക്രൂരപീഡനത്തെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയത്. പീഡനം ഭയന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും അക്ഷയ് ശ്രീലേഖയോട് പറഞ്ഞു. 

പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റുവര്‍ട്ട് ഷീലര്‍, എസ്‌ഐ, ഷാഡോ പൊലീസ് ടീമംഗങ്ങള്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ശ്രീലേഖ ശുപാര്‍ശ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും നല്‍കിയിട്ടുണ്ട്. തുടര്‍നടപടിക്കായി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. 

പേരൂര്‍ക്കടയ്ക്ക് സമീപം അമ്പലമുക്കില്‍ വീട്ടമ്മയായ ദീപയെ കൊന്ന കേസിലെ പ്രതിയാണ് മകനും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ അക്ഷയ്. ഡിസംബര്‍ 25 ന് വൈകീട്ട് മൂന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി ഡിസംബര്‍ 26 നാണ് അക്ഷയിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com