മകന്റെ തട്ടിപ്പ് കോടിയേരിയുടെ അറിവോടെ ; മുഖ്യമന്ത്രിയുടെ നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല

പണമിടപാടിലെ വാസ്തവം ജനങ്ങള്‍ അറിയണം. ലാളിത്യത്തെക്കുറിച്ച് പറയുന്നവരുടെ മക്കളാണ് കോടികളുടെ തട്ടിപ്പ് നടത്തുന്നത്.
മകന്റെ തട്ടിപ്പ് കോടിയേരിയുടെ അറിവോടെ ; മുഖ്യമന്ത്രിയുടെ നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പ് ആരോപണം അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതാണ്. പണമിടപാടിലെ വാസ്തവം ജനങ്ങള്‍ അറിയണം. അന്വേഷിക്കില്ലെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധവും ഖേദകരവുമാണ്. ധാര്‍മ്മികതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

മകന്റെ തട്ടിപ്പ് കോടിയേരിയുടെ അറിവോടെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലാളിത്യത്തെക്കുറിച്ച് പറയുന്നവരുടെ മക്കളാണ് കോടികളുടെ തട്ടിപ്പ് നടത്തുന്നത്. വിദേശ മലയാളികളെ പോലും ബിനോയിയുടെ നടപടി അപമാനിക്കുന്നതാണ്. ബിനോയി കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ വ്യക്തമാക്കി. 

പ്രതിക്ഷ നേതാവിന്റെ പ്രസ്താവനക്ക് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ബിനോയിക്കെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ബിനോയി കോടിയേരിക്കെതിരെ പരാതി ഒന്നും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ ബിനോയി നിലപാട് വിശദീകരിച്ചിട്ടുണ്ട്. ആരോപണം ശരിയല്ലെന്ന് ബിനോയി വ്യക്തമാക്കിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com