അശോകന് പിന്നില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികള്‍; സൈനബയുടെ സത്യവാങ്മൂലം

ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ എട്ടാം എതിര്‍കക്ഷിയാണ് സൈനബ. 
അശോകന് പിന്നില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികള്‍; സൈനബയുടെ സത്യവാങ്മൂലം

ഹാദിയയുടെ പിതാവ് അശോകന്‍ അസത്യപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവും സത്യസരണിയിലെ ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അശോകന് പിന്നിലുള്ളത് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്ന് പിഎഫ്‌ഐ നേതാവ് സൈനബ. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ സൈനബ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ എട്ടാം എതിര്‍കക്ഷിയാണ് സൈനബ. 

ഇസ്ലാമിനെയും ഇസ്ലാം മത വിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകന്‍ ഉന്നയിച്ചിരിക്കുന്നത്, രാജ്യ വിരുദ്ധരും സാമൂഹിക വിരുദ്ധരുമായ വ്യക്തികളുടെയും സംഘടനകളുടെയും സ്വാധീനത്തിലാണ് അശോകന്‍ എന്നും മറുപടി സത്യവാങ്മൂലത്തില്‍ സൈനബ പറയുന്നു.

സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കി രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യവും അഖണ്ഡതയും തകര്‍ത്ത് അധികാരം കൈക്കലാക്കുക എന്ന ഗൂഢലക്ഷ്യം ആണ് അശോകന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉള്ളത്. ഇവര്‍ക്ക് ഇതുവരെ കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. കലക്കവെള്ളത്തില്‍ അധികാരം പിടിക്കുകയാണ് ലക്ഷ്യം. ഇതിനായി ആദ്യം വെള്ളം കലക്കുകയാണ്. അശോകന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാജ്യ വിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളെ കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണം വേണം. അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും മറുപടി സത്യവാങ്മൂലത്തില്‍ സൈനബ ആവശ്യപെടുന്നു.

അന്ധന്‍ ഇരുട്ടത്ത് സാങ്കല്‍പ്പികമായ കറുത്ത പൂച്ചയെ തപ്പുന്നത് പോലെയാണ് അശോകന്‍ ആരോപണങ്ങള്‍ക്കായി തപ്പുന്നത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് ആരെങ്കിലും മാറിയാല്‍ അത് മസ്തിഷ്‌ക്ക പ്രക്ഷാളനം ബാഹ്യപ്രേരണ എന്നൊക്കെ പറയുന്നത് ഇസ്ലാം മതത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണ്. ലോകത്ത് ഇങ്ങനെ പലരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. കമല സുരയ്യ, എആര്‍ റഹ്മാന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി എന്നിവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഹാദിയയും സ്വന്തം ഇഷ്ടപ്രകാരം ആണ് ഇസ്ലാം മതം സ്വീകരിച്ചത് എന്നും സൈനബ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരം ഏത് മതവും സ്വീകരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഹാദിയയുടെ മൗലിക അവകാശം ആണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശം സംരക്ഷിക്കാന്‍ ഉള്ള സഹായം ആണ് നല്‍കിയത്. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹാദിയയെ സഹായിച്ചത്. ഹാദിയയുടെ മതപരിവര്‍ത്തനത്തിന് പിന്നില്‍ എസ്ഡിപിഐയും പിഎഫ്‌ഐയും ആണെന്ന വാദം തെറ്റാണ്. താനോ സത്യസരണിയോ ഹാദിയയുടെ മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ജാതി മത വര്‍ഗ ഭേദമെന്യേ സ്വന്തം ഇഷ്ടപ്രകാരം വരുന്നവര്‍ക്ക് മതത്തെ കുറിച്ച് പഠിപ്പിക്കുന്ന സത്യസരണി, ഇസ്ലാം മത പരിവര്‍ത്തന കേന്ദ്രം അല്ലെന്നും സൈനബ മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തില്‍ ലവ് ജിഹാദ്, റോമിയോ ജിഹാദ് എന്നിവ ഇല്ലെന്ന് സൈനബ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ഷഹന്‍ഷാ കേസില്‍ കേരള ഡിജിപി കോടതിക്ക് സമര്‍പ്പിച്ച 18 റിപ്പോര്‍ട്ടുകളില്‍ 15ലും കേരളത്തില്‍ ലവ് ജിഹാദ്, റോമിയോ ജിഹാദ് എന്നിവ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലാതെ കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ തയ്യാര്‍ ആക്കിയ മൂന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ല എന്ന് സൈനബ ചൂണ്ടിക്കാട്ടുന്നു. 2009 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലവ് ജിഹാദ്, റോമിയോ ജിഹാദ് എന്നിവ നിലനില്‍ക്കുന്നതിന് തെളിവ് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട മതപരിവര്‍ത്തനം എല്ലാ മതങ്ങളിലും ഉണ്ട്. കേരളത്തില്‍ ഹിന്ദു മതത്തിലേക്ക് മാറ്റാന്‍ 5 സംഘടനകള്‍ക്കും മുസ്ലിം മതത്തിലേക്ക് മാറ്റാന്‍ 2 സംഘടനകള്‍ക്കും ബുദ്ധ മതത്തിലേക്ക് മാറ്റാന്‍ ഒരു സംഘടനയ്ക്കും ആണ് അധികാരം ഉള്ളത്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും മതം മാറ്റാന്‍ അധികാരം ഉണ്ടെന്നും, നിയമസഭയില്‍ നല്‍കിയ ഒരു മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതായും സൈനബ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവരെ കൊല്ലുന്നതായും, തിരികെ ഹിന്ദു മതത്തിലേക്ക് മടക്കി കൊണ്ട് പോകുന്നതിന് ലൈംഗീകവും, ശാരീരികവും ആയ അക്രമങ്ങള്‍ നടത്തുന്നതായും സൈനബ ആരോപിക്കുന്നു. മലപ്പുറത്തെ തിരൂരില്‍ യാസിര്‍, തിരൂര്‍ അങ്ങാടിയില്‍ ഫൈസല്‍ എന്നിവരെ ഇസ്ലാം മതം സ്വീകരിച്ചത് കൊണ്ട് സംഘപരിവാറുകാര്‍ വധിച്ചു. 1987 ല്‍ ചിരുതകുട്ടി എന്ന ഹിന്ദു സ്ത്രീ മുസ്ലിം മതം സ്വീകരിച്ച് ആമിനകുട്ടി ആയി. ആമിനകുട്ടിയെ മഞ്ചേരിയിലെ ജില്ലാ കോടതി വളപ്പില്‍ വച്ച് ആര്‍എസ്എസ്‌കാര്‍ കുത്തി കൊന്നു എന്നും സൈനബ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാറുമായി ബന്ധമുള്ള സംഘടനകളാണ് ഈ കൊലപാതകങ്ങള്‍ക്കും ഘര്‍വാപ്പസികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, ലൈംഗികവും ശാരീരികവും ആയ അതിക്രമം, മസ്തിഷ്‌ക അഷാളനം ശാരീരിക പീഡനങ്ങള്‍ എന്നിവ നടത്തുന്ന തൃപ്പൂണിത്തറ ശിവശക്തി കേന്ദ്രത്തിന് എതിരെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നും സൈനബ സത്യവാങ് മൂലത്തിലത്തില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മതം മാറിയ ഹാദിയ ഐഎസ്‌ലേക്ക് പോകും എന്ന അശോകന്റെ ആരോപണത്തെയും സൈനബ ഖണ്ഡിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിനെ ക്രിമിനല്‍ തീവ്രവാദ സംഘടന ആയ ഐഎസുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ചില മലയാളികള്‍ വിദേശത്ത് പോയി എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് അറിയില്ല. ഇപ്പോള്‍ അവര്‍ എവിടെ എന്നതിന് ഒരു തെളിവും ഇല്ല. ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്ത ചിലര്‍ ഐഎസിലേക്ക് ചേരാന്‍ പോയതായും, ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുഷമ സ്വരാജ് സ്വീകരിച്ചതായും മാധ്യമ വാര്‍ത്തകളില്‍ കണ്ടു. ഹാദിയക്ക് പാസ്‌പോര്‍ട്ട് പോലും ഇല്ല എന്നും സൈനബ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എസ്ഡിപിഐയ്‌ക്കോ, പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയ്‌ക്കോ തീവ്രവാദം ഇല്ല എന്ന് സൈനബ അവകാശപ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു സാമൂഹിക സംഘടനയാണ്. മുസ്ലിംങ്ങളുടെയും ദളിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന ആണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ സംഘടന ആണ്. തെരെഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് സിമിയും ആയി രാഷ്ട്രീയ ബന്ധം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം ആണ്. കോളെജ് പ്രൊഫസറുടെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത് തെറ്റാണ്. ഒരു അന്വേഷണ ഏജന്‍സിയും പിഎഫ്‌ഐ യ്ക്ക് ഈ അക്രമവും ആയി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല എന്നും 45 പേജ് ദൈര്‍ഖ്യം ഉള്ള മറുപടി സത്യവാങ് മൂലത്തില്‍ സൈനബ അവകാശപ്പെട്ടിട്ടുണ്ട്.

ഹാദിയയെ കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതി കഴിഞ്ഞ തവണ അനുവദിച്ചിരുന്നു. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ വരും ദിവസങ്ങളില്‍ ഹാദിയയും തന്റെ നിലപാട് കോടതിയെ അറിയിക്കും. ഫെബ്രുവരി 22ന് ആണ് ഷെഫിന്‍ ജഹാന്റെ ഹര്‍ജി ഇനി സുപ്രീം കോടതി പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com